ശൗചാലയത്തിലിരുന്ന് വിര്‍ച്വല്‍ കോടതി നടപടികളില്‍ പങ്കെടുത്തു; ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വിമര്‍ശനം; യുവാവിന് ഒരുലക്ഷം രൂപ പിഴയിട്ട് ഹൈക്കോടതി
ഗാന്ധിനഗര്‍: ശൗചാലയത്തിലിരുന്ന് വിര്‍ച്വല്‍ കോടതി നടപടികളില്‍ പങ്കെടുത്ത യുവാവിന് ഒരുലക്ഷം രൂപ പിഴയിട്ട് ഗുജറാത്ത് ഹൈക്കോടതി. ജസ്റ്റിസ് നിര്‍സാര്‍ എസ്. ദേശായി പരിഗണിച്ച കേസിനിടെയാണ് സൂറത്ത് സ്വദേശിയായ സമദ് അബ്ദുള്‍ റഹ്‌മാന്‍ ഷാ എന്നയാള്‍ ശൗചാലയത്തിലിരുന്ന് പ്രാഥമികകൃത്യം നിര്‍വഹിച്ചുകൊണ്ട് കോടതി നടപടികളില്‍ പങ്കെടുത്തത്. ജൂണ്‍ 20-നായിരുന്നു കേസിന് ആസ്പദമായ സംഭവം.
കോടതിയെ അവഹേളിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വന്‍വിമര്‍ശനങ്ങളും ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് സമദിനെതിരേ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തത്. ജസ്റ്റിസുമാരായ എ.എസ്. സുപെഹിയ, ആര്‍.ടി. വച്ഛാനി എന്നിവരുടെ ബെഞ്ചാണ് ഒരുലക്ഷം രൂപ, കോടതി രജിസ്ട്രിയില്‍ കെട്ടിവെക്കാന്‍ നിര്‍ദേശിച്ചത്. കേസിലെ അടുത്തവാദം ജൂലൈ 22-നാണ്. ഇതിനുള്ളില്‍ പണംകെട്ടിവെക്കണം. നിരുപാധികം മാപ്പ് അപേക്ഷിക്കാന്‍ തയ്യാറാണെന്ന് സമദിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
കോവിഡ് 19 കാലം മുതല്‍ക്കാണ് അഭിഭാഷകര്‍ക്കും കക്ഷികള്‍ക്കും വിര്‍ച്വലായി കോടതി നടപടികളില്‍ പങ്കെടുക്കാനുള്ള അനുമതി ഗുജറാത്ത് ഹൈക്കോടതി നല്‍കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ കോടതിയുടെ യുട്യൂബ് ചാനല്‍വഴി തത്സമയ സംപ്രേഷണവും നടത്തിയിരുന്നു.