എല്ലാ തിയേറ്ററുകളിലും മള്‍ട്ടിപ്ലക്‌സുകളിലും സിനിമാ ടിക്കറ്റിന്റെ പരമാവധി നിരക്ക് 200 രൂപയാക്കി കര്‍ണാടക സര്‍ക്കാര്‍

Update: 2025-07-16 13:15 GMT

ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളിലും മള്‍ട്ടിപ്ലക്‌സുകളിലും സിനിമാ ടിക്കറ്റിന്റെ പരമാവധി നിരക്ക് 200 രൂപയാക്കി കര്‍ണാടക സര്‍ക്കാര്‍. ഭാഷയോ മള്‍ട്ടിപ്ലക്‌സ് തിയറ്ററോ പരിഗണിച്ച് ടിക്കറ്റ് നിരക്ക് 200 ല്‍ നിന്ന് കൂട്ടാനാകില്ല. 2014 ലെ കര്‍ണാടക സിനിമാസ് (റെഗുലേഷന്‍) നിയമങ്ങളില്‍ പുതുതായി കൊണ്ടുവന്ന ഭേദഗതി പ്രകാരമാണ് ടിക്കറ്റ് വില നികുതി ഉള്‍പ്പെടെ 200 ആയി പരിമിതപ്പെടുത്തിയത്. സിംഗിള്‍ സ്‌ക്രീന്‍ തിയേറ്ററുകള്‍ മുതല്‍ ഹൈ-എന്‍ഡ് മള്‍ട്ടിപ്ലക്സുകള്‍ക്ക് വരെ ഈ നിരക്ക് ബാധകമായിരിക്കും. 2025 - 26 സംസ്ഥാന ബജറ്റിലാണ് ടിക്കറ്റ് വില പരിധി ആദ്യമായി നിര്‍ദ്ദേശിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചതോടെ, താങ്ങാനാവുന്ന ടിക്കറ്റ് നിരക്കിലൂടെ തിയേറ്ററുകളിലും മള്‍ട്ടിപ്ലക്‌സുകളിലും ആളെയെത്തിക്കുമെന്നാണ് കണക്ക്കൂട്ടുന്നത്.

കര്‍ണാടക സിനിമാസ് (റെഗുലേഷന്‍) (ഭേദഗതി) നിയമങ്ങള്‍, 2025 എന്ന പേരിലുള്ള കരട് പൊതുജനാഭിപ്രായത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചശേഷം ജനങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എതിര്‍പ്പുകള്‍ അറിയിക്കാന്‍ 15 ദിവസത്തെ സമയവും നല്‍കിയിട്ടുണ്ട്. കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കുന്ന എല്ലാ സിനിമകള്‍ക്കും പുതിയ നിരക്ക് ബാധകമാണ്. മള്‍ട്ടിപ്ലക്സുകളില്‍ ജനപ്രിയ കന്നട ഇതര സിനിമകളുടെ ടിക്കറ്റുകള്‍ പലപ്പോഴും 1000 രൂപയും കടന്നിരുന്നു. ടിക്കറ്റ് നിരക്ക് സാധാരണക്കാര്‍ക്ക് കൂടെ താങ്ങാവുന്നതാക്കുന്നതിനൊപ്പം കൂടുതല്‍ ആളുകളെ തിയേറ്ററുകളിലേക്ക് മടങ്ങാന്‍ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് സര്‍ക്കാര്‍ ഉത്തരവിലൂടെ ലക്ഷ്യമിടുന്നത്.

കന്നട സിനിമാ വ്യവസായം മാന്ദ്യം നേരിടുകയാണ്. തിരക്ക് കുറഞ്ഞതിനാല്‍ നിരവധി സിംഗിള്‍ സ്‌ക്രീന്‍ തിയേറ്ററുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നു. മറ്റ് ഭാഷകളില്‍ നിന്നുള്ള വലിയ ബജറ്റ് ചിത്രങ്ങള്‍ കര്‍ണാടകയില്‍ വലിയ വരുമാനം നേടുന്നുണ്ടെങ്കിലും കന്നട സിനിമകള്‍ അതിജീവിക്കാന്‍ ബുദ്ധിമുട്ടുന്നു. ഉയര്‍ന്ന ടിക്കറ്റ് നിരക്കുകളാണ് പ്രേക്ഷകരെ തിയറ്ററില്‍ നിന്ന് അകന്നു നില്‍ക്കാന്‍ ഒരു കാരണം.

കോവിഡിന് ശേഷം ഒടിടി പ്ലാറ്റ്ഫോമുകളുടെ എണ്ണം വര്‍ധിച്ചതോടെ പ്രേക്ഷകര്‍ അതിലേക്ക് തിരിഞ്ഞു. ഇതോടെ തിയേറ്ററുകളില്‍ പ്രേക്ഷകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി.പുതിയ നീക്കത്തിലൂടെ സംസ്ഥാനത്തെ തിയറ്റര്‍- ചലച്ചിത്ര വ്യവസായത്തെ വീണ്ടെടുക്കാനാകുമെന്നാണ് സര്‍ക്കാര്‍ കണക്ക്കൂട്ടുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Similar News