റണ്‍വേയില്‍ നിന്ന് തെന്നി മാറി; ലാന്‍ഡിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പറന്നുയര്‍ന്നു; പട്‌നയില്‍ വിമാനം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Update: 2025-07-16 13:40 GMT

പട്‌ന: ഡല്‍ഹിയില്‍ നിന്നും പട്‌നയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. റണ്‍വേയില്‍ നിന്ന് തെന്നി മാറിയ വിമാനം ലാന്‍ഡിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പറന്നുയരുകയായിരുന്നു. ഇന്‍ഡിഗോയുടെ A320 എന്ന ചെറുവിമാനമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.

ഇറങ്ങേണ്ട പരിധിയില്‍ നിന്നും പരമാവധി ദൂരം പിന്നിട്ടാണ് വിമാനം ലാന്‍ഡിങിന് ഒരുങ്ങിയത്. അപകടം ഉണ്ടാകുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ വീണ്ടും പറന്നുയരാന്‍ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് മൂന്ന് തവണ വിമാനത്താവളത്തിന് മുകളില്‍ ചുറ്റിയതിന് ശേഷം വിമാനം ലാന്‍ഡിങ് പൂര്‍ത്തിയാക്കുകയായിരുന്നു. 174 യാത്രക്കാരും സുരക്ഷിതരായി പുറത്തിറങ്ങി.

മുമ്പ് കോഴിക്കോട് വിമാനത്താവളത്തിലും ബെംഗളൂരു വിമാനത്താവളത്തിലും സമാന രീതിയില്‍ റണ്‍വേ അപകടമുണ്ടായിട്ടുണ്ട്. സംഭവത്തിന് ശേഷം പട്‌ന വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം സംബന്ധിച്ച സംശയങ്ങള്‍ ഉയരുകയാണ്. 2074 മീറ്ററാണ് പട്‌നയിലെ റണ്‍വെയുടെ ആകെ നീളം. ഇതില്‍ 1950 മീറ്റര്‍ മാത്രമാണ് വിമാനത്തിന്റെ ലാന്‍ഡിങ് പരിധിയില്‍ വരുന്നത്. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്റെ (FAA ) നിര്‍ദേശമനുസരിച്ച് 2300 മീറ്റര്‍ നീളമാണ് റണ്‍വേയ്ക്ക് ആവശ്യമായുള്ളത്.

Similar News