ഒഡിഷയില്‍ കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകവെ പതിനഞ്ചുകാരിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

Update: 2025-07-19 10:34 GMT

പുരി: ഒഡീഷയിലെ പുരിയില്‍ പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിനായി തിരച്ചില്‍ തുടങ്ങി. കൃത്യം നടത്തിയ ശേഷം കുറ്റവാളികള്‍ സ്ഥലത്തുനിന്ന് രക്ഷപെട്ടു. ഇവരെ തിരിച്ചറിയാനായിട്ടില്ല. ശനിയാഴ്ച രാവിലെയാണ് കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകുകയായിരുന്ന 15-കാരിയായ പെണ്‍കുട്ടിയ്ക്കു നേരെ ആക്രമണമുണ്ടായത്.

ഒഡിഷയിലെ പുരിയില്‍ ബാലംഗ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ച രാവിലെ 8.30ഓടെയാണ് സംഭവം. അപരിചിതരായ മൂന്ന് പേര്‍ 15കാരിയെ തടയുകയും തീയിടുകയുമായിരുന്നു. 40 ശതമാനത്തിലേറെ പൊള്ളലേറ്റ നിലയിലാണ് കൗമാരക്കാരിയെ ഭൂവനേശ്വര്‍ എയിംസില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.

പുരിയിലെ പിപ്ലി ആശുപത്രിയിലും പിന്നീട് ഭുവനേശ്വറിലെ എയിംസിലേക്കും 15കാരിയെ ചികിത്സാര്‍ത്ഥം എത്തിച്ചു. വീട്ടില്‍ നിന്ന് ഇറങ്ങിയ 15കാരിയെ പിന്തുടര്‍ന്ന അക്രമികള്‍ ആളില്ലാത്ത ഭാഗത്ത് വച്ച് തീയിട്ടുവെന്നാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭാര്‍ഗവി നദീ തീരത്ത് വച്ചാണ് 15കാരി ക്രൂരമായി ആക്രമിക്കപ്പെട്ടത്. കൗമാരക്കാരിയുടെ നിലവിളി കേട്ടെത്തിയ ആളുകളാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. അക്രമത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പെണ്‍കുട്ടിക്കെതിരെ ഉണ്ടായ ആക്രമണം ഞെട്ടലുണ്ടാക്കിയെന്ന് വനിത ശിശുവികസന വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി പ്രവതി പരിഡ എക്‌സില്‍ കുറിച്ചു. കുട്ടിയുടെ ചികിത്സയ്ക്കായി എല്ലാ ഒരുക്കങ്ങളും നടത്തുകയാണ്. ചികിത്സയുടെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും. കുറ്റവാളികളെ ഉടന്‍ പിടികൂടാനും കര്‍ശന നടപടികള്‍ സ്വീകരിക്കാനും പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്,' ഉപമുഖ്യമന്ത്രി അറിയിച്ചു.

ഒഡീഷയില്‍ ബാലസോറില്‍ അധ്യാപകനെതിരെയുള്ള ലൈംഗികാതിക്രമം സംബന്ധിച്ച പരാതിയില്‍ നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. സംഭവം നടന്ന് ഒരാഴ്ചക്കുള്ളിലാണ് അടുത്ത അക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

Similar News