രാജസ്ഥാനില്‍ ക്ലാസ് നടന്നുകൊണ്ടിരിക്കെ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; ഏഴു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം; നിരവധി കുട്ടികള്‍ക്ക് പരിക്ക്
രാജസ്ഥാനില്‍ ക്ലാസ് നടന്നുകൊണ്ടിരിക്കെ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു
ജയ്പുര്‍: രാജസ്ഥാനിലെ ജലവാര്‍ ജില്ലയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് ഏഴു വിദ്യാര്‍ഥികള്‍ മരിച്ചു. 30 ഓളം പേര്‍ക്ക് പരിക്കേറ്റു. ഭൂരിഭാഗവും കുട്ടികളാണ്. രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മനോഹര്‍ താനയിലെ പിപ്ലോഡി സര്‍ക്കാര്‍ സ്‌കൂളില്‍ വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ഒറ്റനില കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. അപകടസമയത്ത് അറുപതോളം വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും പരിസരത്ത് ഉണ്ടായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. എട്ടു വയസ്സിനും 11 വയസ്സിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. എട്ടാം ക്ലാസ് വരെയാണ് സ്‌കൂളിലുള്ളത്.
സ്‌കൂള്‍ കെട്ടിടം നേരത്തെ തന്നെ പൊളിഞ്ഞുവീഴാറായ നിലയിലായിരുന്നെന്നും ഇതു സംബന്ധിച്ച് പരാതി നല്‍കിയിരുന്നതായും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. തുടര്‍ന്നാണ് മേല്‍ക്കൂര തകര്‍ന്നു വീണത്. ഇടിഞ്ഞുവീഴുന്ന ശബ്ദം കേട്ട് ഗ്രാമവാസികള്‍ ഓടിക്കൂടിയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. പിന്നാലെ ദുരന്തനിവാരണ സംഘങ്ങളും ജില്ലാ കലക്ടറും സ്ഥലത്തെത്തി.
സംഭവം അതീവദുഃഖകരമമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ''ഈ സമയത്ത് ദുരിതമനുഭവിക്കുന്ന വിദ്യാര്‍ഥികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഒപ്പമാണ് എന്റെ മനസ്സ്. പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നു. ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ട്.'' എക്‌സ് പോസ്റ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.
പരിക്കേറ്റ കുട്ടികള്‍ക്ക് ശരിയായ ചികിത്സ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു. ചില കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി ജലവാര്‍ പൊലീസ് സൂപ്രണ്ട് അമിത് കുമാര്‍ പിടിഐയോട് പറഞ്ഞു.
അധ്യാപകരുടെയും ഗ്രാമവാസികളുടെയും സഹായത്തോടെ വിദ്യാര്‍ത്ഥികളെ അവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്തതായും പൊലീസ് പറഞ്ഞു. കുട്ടികളെ ചികിത്സയ്ക്കായി മനോഹര്‍ താന കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ (സിഎച്ച്‌സി) പ്രവേശിപ്പിച്ചു. കനത്ത മഴയും കെട്ടിടത്തിന്റെ ജീര്‍ണ്ണാവസ്ഥയും കാരണമാണ് സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണതെന്നാണ് നിഗമനം.
കെട്ടിടം തകര്‍ന്നതിന്റെ കാരണത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം നടത്തുമെന്ന് അറിയിച്ചു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനമറിയിച്ചു. രാജസ്ഥാനിലെ ജലവാറിലെ ഒരു സ്‌കൂളില്‍ ഉണ്ടായ അപകടം ദാരുണവും അങ്ങേയറ്റം ദുഃഖകരവുമാണ്. ദുരിതമനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒപ്പമാണ് എന്റെ മനസ്സെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ അറിയിച്ചു.