പലസ്തീനിലെ പ്രശ്‌നത്തില്‍ പ്രതിഷേധം എന്തിന്? ഇന്ത്യയിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൂടെ? സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് ബോംബെ ഹൈക്കോടതി

സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് ബോംബെ ഹൈക്കോടതി

Update: 2025-07-25 14:10 GMT

മുംബൈ: സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് ബോംബെ ഹൈക്കോടതി. ഇന്ത്യയിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൂടെയെന്നും ആ വിഷയങ്ങളില്‍ പ്രതിഷേധിച്ചാല്‍ പോരെയെന്നും കോടതി ചോദിച്ചു. ആയിരക്കണക്കിന് മൈല്‍ അകലെയുള്ള പലസ്തീനിലെ പ്രശ്‌നത്തില്‍ പ്രതിഷേധം എന്തിനെന്നാണ് കോടതിയുടെ ചോദ്യം. ഇന്ത്യയിലെ മാലിന്യ സംസ്‌കരണം, മലിനീകരണം, വെള്ളക്കെട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൂടെയെന്നും കോടതി ചോദിച്ചു. പലസ്തീന്‍ അനുകൂല പ്രകടനത്തിന് അനുമതി തേടിയപ്പോഴാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഇങ്ങനെയുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായത്. മുംബൈ പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് സിപിഎം കോടതിയിലെത്തിയത്

കോടതി പരാമര്‍ശത്തെ സിപിഎം പിബി അപലപിച്ചു. മഹാത്മ ഗാന്ധിയടക്കമുള്ള നേതാക്കള്‍ പലസ്തീന്‍ ജനതയെ പിന്തുണച്ചിരുന്നുവെന്നും പിബി ചൂണ്ടിക്കാട്ടി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന ഭരണഘടനാ വ്യവസ്ഥകളെക്കുറിച്ചോ രാജ്യത്തിന്റെ ചരിത്രത്തെക്കുറിച്ചോ പലസ്തീനികളോടും അവരുടെ ന്യായമായ സ്വയം നിര്‍ണ്ണയാവകാശത്തോടുമുള്ള ജനങ്ങളുടെ ഐക്യദാര്‍ഢ്യത്തെക്കുറിച്ചോ കോടതി ബെഞ്ചിന് ധാരണയില്ല എന്നത് വിരോധാഭാസമാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് അനുസരിച്ചുള്ള വ്യക്തമായ രാഷ്ട്രീയ പക്ഷപാതം ഈ നിരീക്ഷണങ്ങളില്‍ പ്രകടമാണെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു.

Similar News