പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി; വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ സേലത്ത് അറസ്റ്റില്‍

Update: 2025-07-29 15:21 GMT

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. താഴേക്കാട് സ്വദേശി അമല്‍ (25), തമിഴ്നാട് സേലം തുട്ടംപട്ടി താരമംഗലം സ്വദേശി വിശ്വഭായ് എന്ന വിശ്വ (21) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെയും പെണ്‍കുട്ടിയെയും ചാലക്കുടിയിലെത്തിച്ചു.

ചാലക്കുടി, കൊരട്ടി, തൃശ്ശൂര്‍, വേളാങ്കണ്ണി, സേലം എന്നിവിടങ്ങളില്‍ വെച്ചാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. ഒരാഴ്ചയോളം തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ വിപുലമായ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ സേലത്ത് നിന്ന് കണ്ടെത്താനായത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും.

അറസ്റ്റിലായ വിശ്വ സേലം പോലീസ് സ്റ്റേഷനിലെ ഒരു കവര്‍ച്ചക്കേസിലെ പ്രതിയാണെന്നും പൊലീസ് അറിയിച്ചു. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ തമിഴ്നാട്ടിലെ സേലത്ത് നിന്നും പിടികൂടിയത്.

തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐ.പി.എസ്.ന്റെ നേതൃത്വത്തില്‍ ചാലക്കുടി ഡി.വൈ.എസ്.പി. ബിജുകുമാര്‍. പി.സി, ചാലക്കുടി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സജീവ്. എം.കെ, എസ്.ഐ.മാരായ ഋഷിപ്രസാദ്, സുനില്‍കുമാര്‍, എസ്.സി.പി.ഒ.മാരായ ടെസ്സി. കെ.ടി, രജനി, ആന്‍സന്‍, ബിനു. പി.ബി, സന്ദീപ്, സി.പി.ഒ. സജിത്ത് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Similar News