ദാമ്പത്യ തര്‍ക്കകേസ് നടക്കുന്നതിനിടെ കുട്ടിയുമായി ഇന്ത്യ വിട്ട് റഷ്യക്കാരി; ഡല്‍ഹി പോലീസിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം: കുട്ടിയെ എത്രയും വേഗം തിരിച്ചെത്തിക്കാനും ഉത്തരവ്
റഷ്യക്കാരി കുട്ടിയുമായി ഇന്ത്യവിട്ടു; തിരിച്ചെത്തിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ഇന്ത്യക്കാരനുമായുള്ള ദാമ്പത്യത്തര്‍ക്കക്കേസ് നടക്കുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി റഷ്യക്കാരി രാജ്യംവിട്ടു. കോടതിയില്‍ കേസ് നിലനില്‍ക്കെ കുട്ടിയുമായി യുവതിയ രാജ്യം വിട്ടതോടെ ഡല്‍ഹി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി രംഗത്തെത്തി. കോടതിയിലിരിക്കുന്ന പാസ്‌പോര്‍ട്ടിന്റെ വ്യാജരേഖയുണ്ടാക്കിയാണ് അവര്‍ രാജ്യം വിട്ടത്. എന്നിട്ടും ഡല്‍ഹി പോലിസ് വിവരമറിഞ്ഞില്ല. എത്രയും വേഗം കുട്ടിയെ നാട്ടില്‍ തിരിച്ചെത്തിക്കാനും കോടതി ഉത്തരവിട്ടു.
വെറും ദാമ്പത്യത്തര്‍ക്കക്കേസ് മാത്രമല്ലിതെന്നും കോടതിയുടെ കസ്റ്റഡിയിലിരുന്ന കുട്ടിയെയാണ് വിദേശത്തേക്ക് കടത്തിയതെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മാല ബാഗ്ചി എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. ഡല്‍ഹി പോലീസും വിദേശകാര്യമന്ത്രാലയവും വിഷയത്തില്‍ ഗൗരവമായി ഇടപെട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് നയതന്ത്രമാര്‍ഗത്തില്‍ എത്രയുംവേഗം കുട്ടിയെ തിരിച്ചെത്തിക്കണം. ഇന്റര്‍പോള്‍ സഹായം തേടണമെന്നും കോടതി ആവശ്യപ്പെട്ടു.
കുട്ടിയെ തിരിച്ചെത്തിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും വീഴ്ചവരുത്തിയ പോലീസുദ്യോഗസ്ഥരെ വെറുതേവിടില്ലെന്നും കോടതി പറഞ്ഞു. കോടതിയുടെ കസ്റ്റഡിയിലുള്ള പാസ്‌പോര്‍ട്ടിന്റെ വ്യാജരേഖയുണ്ടാക്കിയാണ് അവര്‍ രാജ്യംവിട്ടത്. ഡല്‍ഹിയില്‍നിന്ന് നേപ്പാളിലേക്ക് ബിഹാര്‍ വഴി റോഡുമാര്‍ഗം പോയി അവിടെ നാലുദിവസം തങ്ങിയശേഷമാണ് റഷ്യക്ക് പോയത്. എന്നാല്‍, അതൊന്നും പോലീസ് അറിഞ്ഞതേയില്ല.
ബംഗാളില്‍നിന്നുള്ള പരാതിക്കാരനും റഷ്യക്കാരിയും വിവാഹിതരായി 2019 മുതല്‍ ഇന്ത്യയില്‍ താമസിക്കുകയായിരുന്നു. ദമ്പതിമാര്‍ക്കിടയില്‍ സ്വരച്ചേര്‍ച്ചയില്ലാതായതോടെ കുട്ടിയുടെ അവകാശം സംബന്ധിച്ച തര്‍ക്കം കോടതിയിലെത്തി. കഴിഞ്ഞ മേയില്‍ കുട്ടിയുടെ കസ്റ്റഡി ആഴ്ചയില്‍ മൂന്നുദിവസം അമ്മയ്ക്കും ബാക്കിദിവസങ്ങളില്‍ പിതാവിനും നല്‍കി സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ഇതുലംഘിച്ച് കുട്ടിയെയുമായി അമ്മ കടന്നുകളഞ്ഞതായും അവര്‍ എവിടെയെന്ന് അറിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന്‍ സുപ്രീംകോടതിയെ സമീപിച്ചത്.