മുംബൈയില്‍ കനത്ത മഴ; റോഡ് - റെയില്‍ ഗതാഗതം മന്ദഗതിയില്‍

മുംബൈയില്‍ കനത്ത മഴ; റോഡ് - റെയില്‍ ഗതാഗതം മന്ദഗതിയില്‍

Update: 2025-08-17 08:23 GMT

മുംബൈ: മുംബൈയില്‍ കനത്ത മഴ. മാഹിം, താനെ, പടിഞ്ഞാറന്‍ പ്രാന്തപ്രദേശങ്ങളുടെ ചില ഭാഗങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കിഴക്കന്‍, പടിഞ്ഞാറന്‍ എക്‌സ്പ്രസ് ഹൈവേകളില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നത് ഗതാഗതക്കുരുക്കിന് കാരണമായി. റെയില്‍ ഗതാഗതം മന്ദഗതിയിലാണ്. മുംബൈയിലും സമീപ പ്രദേശങ്ങളിലും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.

തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് മിഥി നദിയിലെ ജലനിരപ്പ് ഉയര്‍ന്നു. ദിവസം മുഴുവന്‍ മഴ തുടര്‍ന്നാല്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. സമുദ്രനിരപ്പ് 3.32 മീറ്ററിലെത്താന്‍ സാധ്യതയുള്ളതിനാല്‍ ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

അതേസമയം, വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളില്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിവാസികളോട് അഭ്യര്‍ഥിച്ചു. ദുരന്തനിവാരണ സംഘങ്ങള്‍ ജാഗ്രത പാലിക്കുകയും സ്ഥിരമായി വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളില്‍ അടിഞ്ഞുകൂടിയ മഴവെള്ളം ഒഴുക്കിവിടാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുകയും വേണം.

മുംബൈയുടെ ജീവനാഡിയായി കണക്കാക്കപ്പെടുന്ന ലോക്കല്‍ ട്രെയിനുകള്‍ ചില ഭാഗങ്ങളില്‍ ചെറിയ കാലതാമസത്തോടെയാണ് ഓടുന്നത്. എന്നാല്‍, സബര്‍ബന്‍ സര്‍വിസുകള്‍ പ്രവര്‍ത്തനക്ഷമമായിരുന്നു. ഗതാഗത തടസ്സത്തിനും വെള്ളക്കെട്ടിനും സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ ജാഗ്രതയോടെ യാത്രകള്‍ ആസൂത്രണം ചെയ്യണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.

തുടര്‍ച്ചയായ മഴയും ശക്തമായ കാറ്റും തുടരുമെന്ന് പ്രവചിക്കപ്പെടുന്നതിനാല്‍ മഴയുടെയും വേലിയേറ്റത്തിന്റെയും ഇരട്ട വെല്ലുവിളികളുമായി നഗരം മല്ലിടുകയാണ്.

Similar News