ഡല്‍ഹിയില്‍ പ്രധാന ഹൈവേ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് നരേന്ദ്രമോദി; രാജ്യതലസ്ഥാനത്തെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കും തുടക്കമായി; രോഹിണിയില്‍ പ്രധാനമന്ത്രിയുടെ മെഗാ റോഡ്‌ഷോ

ഡല്‍ഹിയില്‍ പ്രധാന ഹൈവേ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് നരേന്ദ്രമോദി

Update: 2025-08-17 12:56 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഏകദേശം 11,000 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച രണ്ട് പ്രധാന ഹൈവേ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി ഡല്‍ഹിയിലെ രോഹിണിയില്‍ ഒരു മെഗാ റോഡ്‌ഷോ നടത്തി. രാജ്യതലസ്ഥാനത്തെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കും പ്രധാനമന്ത്രി തുടക്കമിട്ടു. നോയിഡ, ഫരീദാബാദ്, ഗുരുഗ്രാം എന്നിവയുള്‍പ്പെടെ ഡല്‍ഹിയിലെ വിവിധയിടങ്ങളിലുണ്ടാകുന്ന ഗതാഗത കുരുക്ക് കുറയ്ക്കാനാണ് ഹൈവേ പദ്ധതി ലക്ഷ്യമിടുന്നത്. കൂടാതെ ഇത് യാത്രാസമയം കുറയ്ക്കുകയും ചെയ്യുന്നു.

ദ്വാരക എക്‌സ്പ്രസ് വേ പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. മുമ്പ് മൂന്ന് മണിക്കൂര്‍ വരെയുണ്ടായിരുന്ന യാത്രാസമയം 40 മിനിറ്റായി കുറയും. ഡല്‍ഹിയിലേക്ക് ദിവസേന മൂന്ന് ലക്ഷം വാഹനങ്ങള്‍ പ്രവേശിക്കുന്നത് കുറയ്ക്കാനും മലിനീകരണവും ഗതാഗതക്കുരുക്കും കുറയ്ക്കാനും ഈ പദ്ധതികള്‍ ലക്ഷ്യമിടുന്നു. പ്രധാന സ്ഥലങ്ങളിലേക്ക് മള്‍ട്ടി-മോഡല്‍ കണക്റ്റിവിറ്റിയും നല്‍കുന്നുണ്ട്.

ചടങ്ങില്‍ വിവിധ സാമ്പത്തിക പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തുകയുണ്ടായി. ജിഎസ്ടിയില്‍ കൂടുതല്‍ പരിഷ്‌കരണം വരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. വരുന്ന ദീപാവലിക്ക് ജിഎസ്ടി പരിഷ്‌കരണത്തില്‍ നിന്ന് കൂടുതല്‍ ബോണസ് ലഭിക്കും. മൊബൈല്‍ ഫോണിലും കളിപ്പാട്ട നിര്‍മാണത്തിലും ഇന്ത്യന്‍ വിപണി കുതിച്ചുയര്‍ന്നു.

സ്വാശ്രയ ഭാരതത്തെ കൂടുതല്‍ ശക്തമാക്കുന്നതിനുള്ള വോക്കല്‍ ഫോര്‍ ലോക്കല്‍, മെയ്ഡ് ഇന്‍ ഇന്ത്യ തുടങ്ങിയ സംരംഭങ്ങളെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. റെയില്‍വേയുടെയും വിമാനത്താവളങ്ങളുടെയും നവീകരണം ഉള്‍പ്പെടെയുള്ള വികസന വിഷയങ്ങളെ കുറിച്ചും അദ്ദേഹം പ്രസംഗത്തില്‍ ഉള്‍പ്പെടുത്തി.

Similar News