'അടിസ്ഥാനപരമായി അവര്‍ വോട്ടുകള്‍ മോഷ്ടിച്ചു എന്ന് സമ്മതിക്കുന്നു'; വോട്ടുകൊള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമ്മതിച്ചുവെന്ന് പവന്‍ ഖേര
തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമ്മതിച്ചുവെന്ന് പവന്‍ ഖേര
ന്യൂഡല്‍ഹി: രാഹുലിന്റെ വോട്ടുകൊള്ള വിഷയത്തില്‍ മറുപടി പറഞ്ഞ മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍, വോട്ടുകൊള്ള സമ്മതിച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര. അടിസ്ഥാനപരമായി അവര്‍ വോട്ടുകള്‍ മോഷ്ടിച്ചു എന്ന് സമ്മതിക്കുകയാണെന്ന് അദ്ദേഹം പ്രതികരിച്ചു. ബിഹാറില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച വോട്ട് അധികാര്‍ റാലിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പവന്‍ ഖേര. രാഷ്ട്രീയ ജനതാ ദള്‍ നേതാക്കളായ ലാലു യാദവ്, തേജസ്വി യാദവ് എന്നിവരടക്കം റാലിയില്‍ പങ്കെടുത്തു.
പിന്നെ എന്തുകൊണ്ട് നമ്മള്‍ അവരെ കൃത്യസമയത്ത് പിടികൂടിയില്ല?. ഇതുപോലൊന്ന് നിങ്ങള്‍ മുമ്പ് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ഞാന്‍ ഇതെല്ലാം ആദ്യമായാണ് കേള്‍ക്കുന്നത്. വോട്ടവകാശം തന്നെ ആരെങ്കിലും മോഷ്ടിക്കുമ്പോള്‍ പിന്നെ തെരഞ്ഞെടുപ്പിന്റെ അവസ്ഥ എന്തായിരിക്കും? പ്രശ്‌നം, രാജ്യത്തെ ജനങ്ങളെ രക്ഷിക്കേണ്ടതുണ്ട് എന്നതാണ്. രാജ്യത്തെ അടിച്ചമര്‍ത്തപ്പെട്ടവര്‍, ആദിവാസികള്‍, ദലിതര്‍, എല്ലാവരെയും ഇത് ബാധിക്കും -ഖേര പറഞ്ഞു.
രാഹുല്‍ ഗാന്ധി ദിവസങ്ങള്‍ക്ക് മുമ്പ് തെളിവുകള്‍ നിരത്തി നടത്തിയ വാര്‍ത്താ സമ്മേളനത്തിന് മറുപടിയായാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഇന്ന് വാര്‍ത്താ സമ്മേളനം നടത്തിയത്. ഗുരുതര ആരോപണങ്ങളില്‍ വ്യക്തമായ ഉത്തരം മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാര്‍ നല്‍കിയില്ല.
വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍നിന്ന് പിന്‍മാറില്ലെന്നും ഭരണഘടനാപരമായ ചുമതലയില്‍നിന്ന് പിന്നോട്ടു പോവില്ലെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു. വോട്ടര്‍ പട്ടിക തീവ്ര പരിശോധന ബംഗാളില്‍ നടപ്പിലാക്കും. ഇന്ത്യന്‍ പൗരന്‍മാരല്ലാത്ത, കുടിയേറ്റക്കാരായ ആര്‍ക്കും വോട്ടവകാശമുണ്ടായിരിക്കില്ലെന്നും കമീഷണര്‍ പറഞ്ഞു. കമീഷന് പക്ഷപാതിത്വമില്ലെന്നും വിവേചനമില്ലെന്നും ആവര്‍ത്തിച്ചു.