ചികിത്സയില്‍ കഴിയുന്ന പേരമകന്റെ ഡ്രിപ് ബോട്ടിലുമായി 72കാരി നിന്നത് 30 മിനിറ്റോളം; ആശുപത്രി ജീവനക്കാര്‍ മനപൂര്‍വം നല്‍കാത്തതെന്ന് ദൃക്‌സാക്ഷികള്‍

Update: 2025-08-17 13:40 GMT


ഭോപ്പാല്‍: പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പേരമകന്റെ ഡ്രിപ് ബോട്ടിലുമായി 72കാരി നിന്നത് 30 മിനിട്ട്. മധ്യപ്രദേശിലെ വല്ലഭായ് പട്ടേല്‍ ജില്ലാ ആശുപത്രിയിലാണ് ഡ്രിപ് സ്റ്റാന്‍ഡ് ലഭിക്കാത്തതുകൊണ്ട് കയ്യില്‍ ഡ്രിപ്പുമായി വയോധികക്ക് നില്‍ക്കേണ്ടി വന്നത്. ആശുപത്രിയില്‍ ആവശ്യത്തിനു ഡ്രിപ് സ്റ്റാന്‍ഡുകളുണ്ടായിരുന്നുവെന്നും ജീവനക്കാര്‍ മനപൂര്‍വം നല്‍കാത്തതാണെന്നുമാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

35 വയസ്സുള്ള പേര മകന്‍ അശ്വിനി മിശ്രയെ റോഡപകടത്തെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി അധികൃതര്‍ സ്റ്റാന്‍ഡ് നല്‍കാത്തതിനെ തുടര്‍ന്ന് വയോധികക്ക് ഡ്രിപ് കൈയില്‍ ഉയര്‍ത്തിപ്പിടിച്ച് അരമണിക്കൂറോളം നില്‍ക്കേണ്ടി വന്നു. ഈ സമയമത്രയും ജീവനക്കാര്‍ ഒന്നും ചെയ്യാതെ നോക്കി നില്‍ക്കുകയായിരുന്നുവെന്നാണ് ആരോപണം.

പരിക്കേറ്റ തന്റെ പേരക്കുട്ടിയുടെ ജീവന്‍ രക്ഷിക്കുന്നതിനുവേണ്ടി അവശയായ വയോധിക ഏറെ നേരം ഡ്രിപ്പുമായി നിന്നുവെന്നാണ് സംഭവ സ്ഥലത്തുണ്ടായവര്‍ പറയുന്നത്. അപകട സ്ഥലത്ത് നിന്ന് മിശ്രയെ ആശുപത്രിയിലെത്തിക്കുന്ന വഴിക്ക് ആംബുലന്‍സ് കേടാവുകയും കൂടെയുണ്ടായിരുന്നവര്‍ തളളി എതോ വിധേന ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

ആശുപത്രിയില്‍ സ്റ്റാന്‍ഡിന് ക്ഷാമം ഇല്ലെന്നും പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് ആറേഴു മിനിറ്റിനുള്ളില്‍ തന്നെ ചികിത്സ ലഭ്യമാക്കിയെന്നും വയോധിക സ്വന്തം താല്‍പ്പര്യത്തിന് ഡ്രിപ് കൈയില്‍ പിടിക്കുകയായിരുന്നുവെന്നുമാണ് ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ മനോജ് ശുക്ലയുടെ വിശദീകരണം.

Similar News