ടോള്‍ ബൂത്തില്‍വെച്ച് ട്രക്കിന്റെ ടയര്‍ പൊട്ടിത്തെറിച്ച് അപകടം; ജീവനക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ജയ്പുര്‍: ടോള്‍ ബൂത്തില്‍വെച്ച് ട്രക്കിന്റെ ടയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നിന്ന് ജീവനക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ജയ്പൂരില്‍ ശനിയാഴ്ചയാണ് സംഭവം. ഹിംഗോണിയ ടോള്‍ പ്ലാസയിലെ ബൂത്ത് നമ്പര്‍ 6-ല്‍ ടോള്‍ ജീവനക്കാരന്‍ കമ്പ്യൂട്ടറില്‍ ജോലി ചെയ്യുന്നതിനിടെയാണ് പുറത്തു നിര്‍ത്തിയിട്ടിരുന്നു ട്രക്കിന്റെ ടയര്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ടോള്‍ ബൂത്തിന്റെ ജനല്‍പ്പാളി പൂര്‍ണമായി തകര്‍ന്ന് ജീവനക്കാരന്റെ ദേഹത്ത് വീണു. ക്യാബിനിലുള്ള കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങളും തകര്‍ന്നു. ജീവനക്കാരന് പരിക്കുകളൊന്നുമില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുത്തുവന്നു.
ഏതാനും മാസങ്ങള്‍ക്കുമുന്‍പ് ജയ്പൂരിലെ ദുദൂ ജില്ലയില്‍ ഒരു രാജസ്ഥാന്‍ റോഡ്‌വെയ്‌സിന്റെ ബസ് ഒരു വാനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ മരിച്ചിരുന്നു. വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നായിരുന്നു ഈ അപകടവും. ജയ്പൂരില്‍ നിന്ന് അജ്മീറിലേക്ക് പോവുകയായിരുന്നു ബസ്. ടയര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. തുടര്‍ന്ന് സമീപത്തുകൂടി കടന്നുപോയ ഒരു വാനിലേക്ക് ബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.