ചിലിക തടാകത്തിലെ അപൂർവ പ്രതിഭാസം കാണാൻ ആളുകൾ തടിച്ചുകൂടി; ആകാശവും ജലവും തമ്മിൽ ഒന്നിക്കുന്ന കാഴ്ച; എങ്ങും പരിഭ്രാന്തി പരത്തി ഭീമൻ 'വാട്ടർസ്പോട്ട്'; അമ്പരിപ്പിച്ച് ദൃശ്യങ്ങൾ
ഖോർധ: ഒഡീഷയിലെ ചിലിക തടാകത്തിൽ രൂപപ്പെട്ട ഭീമാകാരമായ വാട്ടർസ്പോട്ട് (ജലസ്തംഭം) ജനങ്ങളിൽ പരിഭ്രാന്തി പടർത്തി. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. 'ഹാത്തിസുന്ധ്' എന്നറിയപ്പെടുന്ന ഈ അപൂർവ പ്രതിഭാസം ഏതാനും മിനിറ്റുകളോളം നീണ്ടുനിന്നു.
ചിലിക തടാകതീരത്തെ പ്രധാന ആരാധനാ കേന്ദ്രമായ കാളിജയ് ക്ഷേത്രത്തിന് തെക്ക് പടിഞ്ഞാറായാണ് ജലസ്തംഭം ദൃശ്യമായത്. അന്തരീക്ഷമർദ്ദത്തിലുണ്ടായ പെട്ടെന്നുള്ള മാറ്റമാണ് ഇത്തരം ചുഴലിക്കാറ്റ് രൂപപ്പെടാൻ കാരണമെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. തടാകത്തിന് മുകളിൽ രൂപം കൊള്ളുന്ന ചുഴലിക്കാറ്റാണ് വാട്ടർസ്പോട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ എന്നിവിടങ്ങളിലെ കടൽ തീരങ്ങളിൽ ഇത് സാധാരണമാണെങ്കിലും ഇന്ത്യയിൽ അപൂർവ്വമായി മാത്രമേ ഇത്തരം പ്രതിഭാസങ്ങൾ കാണാറുള്ളൂ.
സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോകളിൽ, തീരത്ത് തടിച്ചുകൂടിയ ആളുകൾ ജലസ്തംഭം കണ്ട് പരിഭ്രാന്തരായി നിലവിളിച്ച് ഓടിപ്പോകുന്നതും പലരും മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുന്നതും കാണാം. 'ആനയുടെ തുമ്പിക്കൈ' എന്ന് സാമ്യമുള്ളതിനാൽ പ്രാദേശികമായി ഇത് 'ഹാത്തിസുന്ധ്' എന്ന് അറിയപ്പെടുന്നു.
മൺസൂണിന് മുമ്പുള്ള മാസങ്ങളിൽ പശ്ചിമ ബംഗാൾ, ഒഡീഷ തുടങ്ങിയ കിഴക്കൻ സംസ്ഥാനങ്ങളിൽ ഇത്തരം വാട്ടർസ്പോട്ടുകൾ രൂപപ്പെടാറുണ്ട്. 2009-ൽ പശ്ചിമ ബംഗാളിൽ ഉണ്ടായ ചുഴലിക്കാറ്റിൽ ഏകദേശം 100 പേർ മരണപ്പെടുകയും നിരവധി വീടുകൾ തകരുകയും ചെയ്തിരുന്നു. 2021-ലും പശ്ചിമ ബംഗാളിൽ സമാനമായ പ്രതിഭാസമുണ്ടായി കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിരുന്നു. കഴിഞ്ഞ വർഷം തിരുവനന്തപുരത്തെ വിഴിഞ്ഞം ഭാഗത്തും ചെറിയ രീതിയിലുള്ള വാട്ടർസ്പോട്ട് റിപ്പോർട്ട് ചെയ്തിരുന്നു.