വൈ കാറ്റഗറി സുരക്ഷയുള്ള വിജയ്യുടെ വീടിനു മുകളില്‍ യുവാവ് ഒളിച്ചിരുന്നത് രണ്ട് ദിവസം; വ്യായാമം ചെയ്യാന്‍ ടെറസിലെത്തിയ നടനെ കെട്ടിപ്പിടിച്ചു; വന്‍ സുരക്ഷാ വീഴ്ച
വൈ കാറ്റഗറി സുരക്ഷയുള്ള വിജയ്യുടെ വീടിനു മുകളില്‍ യുവാവ് ഒളിച്ചിരുന്നത് രണ്ട് ദിവസം
ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റുമായ വിജയ്യുടെ വസതിയില്‍ യുവാവ് അതിക്രമിച്ചു കയറി ഒളിച്ചിരുന്നത് രണ്ട് ദിവസം. പനയൂരിലെ വസതിയിലാണ് അരുണ്‍ (24) എന്നയാള്‍ അതിക്രമിച്ചു കയറിയത്. ആരാധകനാണെന്നു ബോധ്യമായതോടെ അനുനയിപ്പിച്ചു താഴെയെത്തിച്ച് പൊലീസിനു കൈമാറുകയായിരുന്നു. ഇയാള്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നുവെന്നാണ് വിവരം. വൈ കാറ്റഗറി സുരക്ഷയും നിരീക്ഷണ ക്യാമറകളുമുള്ള വീട്ടില്‍ യുവാവ് ഒളിച്ചു കയറിയതു സുരക്ഷാ ജീവനക്കാരെ ഞെട്ടിച്ചു. വീടിന്റെ പിന്‍ഭാഗത്തെ മതില്‍ ചാടിയെത്തിയ യുവാവ് രണ്ടു ദിവസമായി ഭക്ഷണവും വെള്ളവുമില്ലാതെ ടെറസില്‍ ഇരിക്കുകയായിരുന്നു.
സുരക്ഷാ ജീവനക്കാരുടെയെല്ലാം കണ്ണുവെട്ടിച്ച് പിന്‍ ഗേറ്റിലൂടെയാണ് അരുണ്‍ അകത്തുകടന്നതെന്നാണ് തമിഴ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാള്‍ രണ്ടുദിവസം ആരുമറിയാതെ ടെറസില്‍ ഇരുന്നു. വിജയ് വ്യായാമം ചെയ്യാനെത്തിയപ്പോള്‍ നടനെ അരുണ്‍ കെട്ടിപ്പിടിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സുരക്ഷാ ജീവനക്കാര്‍ യുവാവിനെ പിടികൂടി നീലാങ്കരൈ പൊലീസിന് കൈമാറി. നിലവില്‍ യുവാവ് കില്‍പോക്കിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണെന്നാണ് വിവരം. പ്രാഥമിക അന്വേഷണത്തില്‍ അരുണ്‍ ചെങ്കല്‍പേട്ട് ജില്ലയിലെ മധുരാന്തകം സ്വദേശിയാണെന്ന് കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി.
'യുവാവിനെ ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നും മധുരാന്തകം സ്വദേശിയായ രാജയുടെ മകന്‍ അരുണ്‍ ആണെന്ന് തിരിച്ചറിഞ്ഞു. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ,' - പൊലീസ് അറിയിച്ചു.ഇത്രയും വലിയ സുരക്ഷയുണ്ടായിട്ടും യുവാവ് എങ്ങനെ വീടിന്റെ ടെറസില്‍ അതിക്രമിച്ച് കയറി എന്നതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രധാനമായും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. സംഭവത്തെക്കുറിച്ച് വിജയ് ഇതുവരെ പരസ്യ പ്രസ്താവന നടത്തിയിട്ടില്ല.
അതേ സമയം രാഷ്ട്രീയ പര്യടനത്തിന്റെ ഭാഗമായി വിജയ് ഇന്നു നാഗപട്ടണം, തിരുവാരൂര്‍ ജില്ലകളിലെത്തും. രാവിലെ 11നു നാഗപട്ടണം പുത്തൂര്‍ അണ്ണാ സ്റ്റാച്യു ജംക്ഷനു സമീപവും വൈകിട്ട് 3നു തിരുവാരൂര്‍ നഗരസഭാ ഓഫീസിനു സമീപം സൗത്ത് സ്ട്രീറ്റിലും പരിപാടി നടക്കും. തിരുച്ചിറപ്പള്ളിയിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസ് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. 35 മിനിറ്റ് മാത്രമാണു പരിപാടി നടത്താന്‍ അനുവാദം. പൊതുമുതല്‍ നശിപ്പിച്ചാല്‍ കേസെടുത്തു നഷ്ടപരിഹാരം ഈടാക്കുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള 12 നിര്‍ദേശങ്ങള്‍ ടിവികെയും പുറത്തിറക്കി.