കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ.ഡിയുടെ നടപടി; ആം ആദ്മി നേതാവ് സത്യേന്ദ്ര ജെയിന്റെ 7.44 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി നേതാവും കെജ്രിവാള്‍ മന്ത്രിസഭയിലെ പ്രധാനിയുമായിരുന്ന സത്യേന്ദ്ര ജെയിന്റെ 7.44 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് 2017ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇ.ഡിയുടെ നടപടി. കെജ്രിവാള്‍ സര്‍ക്കാറില്‍ മന്ത്രിയായിരുന്ന 2015 ഫെബ്രുവരി മുതല്‍ 2017 മെയ് വരെയുള്ള കാലയളവില്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.
2018 ഡിസംബറില്‍ സത്യേന്ദ്ര ജെയിന്റെ ഭാര്യ പൂനം ജെയ്ന്‍ അടക്കമുള്ളവര്‍ക്കെതിരെയും കുറ്റപത്രം സി.ബി.ഐ സമര്‍പ്പിച്ചിട്ടുണ്ട്. 2022 ഏപ്രിലില്‍ സത്യേന്ദ്ര ജെയിന്റെ 4.81 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടിയിരുന്നു. കൂടാതെ, ജെയിന്റെ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള നാലു കമ്പനികളുടെയും കുടുംബാംഗങ്ങളുടെയും പേരിലുണ്ടായിരുന്ന സ്വത്തുക്കളും ഇ.ഡി. പിടിച്ചെടുത്തിട്ടുണ്ട്
ഹവാല ഇടപാടുകളിലൂടെ കൊല്‍ക്കത്ത കേന്ദ്രമായ കമ്പനിയില്‍ നിന്നു ലഭിച്ച കള്ളപ്പണം കടലാസ് കമ്പനിയുടെ പേരിലേക്ക് മാറ്റുകയും പണം ഉപയോഗിച്ച് സ്ഥലം വാങ്ങുകയും കൃഷി സ്ഥലം വാങ്ങാന്‍ എടുത്തിരുന്ന വായ്പ തിരിച്ചടക്കാന്‍ ഉപയോഗിക്കുകയും ചെയ്‌തെന്ന് ഇ.ഡി പറയുന്നു. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വിശ്വസ്തനായ സത്യേന്ദ്ര ജെയിന്‍, ആരോഗ്യം, ഊര്‍ജം, ആഭ്യന്തരം, പൊതുമരാമത്ത്, നഗരവികസനം, ജല വകുപ്പുകളാണ് ആം ആദ്മി സര്‍ക്കാരില്‍ കൈകാര്യം ചെയ്തിരുന്നത്.