രാത്രി റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്ന ആളെ കണ്ട് ഭയം; അതിഥി പതിയെ ഇഴഞ്ഞ് പകുതിയോളം എത്തിയപ്പോൾ ഒരാളുടെ എൻട്രി; രക്ഷപ്പെട്ടത് ജസ്റ്റ് മിസ്സിന്; വൈറലായി ദൃശ്യങ്ങൾ
ഹൈദരാബാദ്: ഹൈദരാബാദിൽ റോഡിലൂടെ നീങ്ങുകയായിരുന്ന ഒരു വലിയ പെരുമ്പാമ്പിനെ കല്ലെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച യുവാവിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ഘാട്കേസർ പ്രതാപ് സംഗാരയിലാണ് സംഭവം നടന്നത്. തിരക്കേറിയ റോഡ് മുറിച്ചു കടക്കുകയായിരുന്ന പാമ്പിനെയാണ് യുവാവ് ആക്രമിച്ചത്.
രാത്രിയുടെ മറവിൽ റോഡിലൂടെ നടന്നുപോകുകയായിരുന്ന പാമ്പ് വാഹനയാത്രക്കാരെ അമ്പരപ്പിച്ചു. വാഹനങ്ങൾ ഇരുവശത്തും നിന്നു. പാമ്പ് റോഡിൻ്റെ പകുതിയോളം എത്തിയപ്പോൾ സമീപത്ത് നിന്ന് ഒരു യുവാവ് വലിയ കല്ലെടുത്ത് പാമ്പിൻ്റെ തലയിൽ എറിഞ്ഞു. എങ്കിലും പാമ്പിന് കാര്യമായ പരിക്കേൽക്കാതെ അത് തിരികെ രക്ഷപ്പെട്ടു. എന്നാൽ, യുവാവ് വീണ്ടും പാമ്പിനെ പിന്തുടർന്ന് കല്ലെറിയാൻ ശ്രമിച്ചു. ഇതിനിടെ പാമ്പ് സമീപത്തെ കാട്ടിലേക്ക് മറഞ്ഞു.
ഗ്രാമത്തിൽ അഞ്ചു വർഷത്തോളമായി ഒരു പെരുമ്പാമ്പിനെ ഭയന്ന് കഴിയുകയാണെന്നും, എന്നാൽ അധികൃതർ വേണ്ട നടപടി സ്വീകരിച്ചില്ലെന്നും വീഡിയോയോടൊപ്പം പ്രചരിക്കുന്ന കുറിപ്പുകളിൽ ആരോപണമുണ്ട്. നാട്ടുകാരുടെ പരാതികൾ അവഗണിക്കപ്പെട്ടതിനെ തുടർന്നാണ് സ്വയം പാമ്പിനെ നേരിടാൻ തീരുമാനിച്ചതെന്നും പറയുന്നു. ഇത്തരം സാഹചര്യങ്ങളിൽ വന്യജീവി സംരക്ഷകരെ അറിയിക്കണമെന്നും മൃഗങ്ങളെ ഉപദ്രവിക്കുന്നത് ഒഴിവാക്കണമെന്നും ചിലർ അഭിപ്രായപ്പെട്ടു.