ആറാം ക്ലാസുകാരി സ്‌കൂളില്‍ കുഴഞ്ഞുവീണു മരിച്ചു; നീതി കിട്ടണമെന്നാവശ്യപ്പെട്ട് അമ്മയുടെ വീഡിയോ; എന്റെ മകള്‍ക്ക് എന്താണ് സംഭവിച്ചത് എന്നറിയാനുള്ള അവകാശമുണ്ടെന്ന് തൃപ്തി ശര്‍മ്മ
ആറാം ക്ലാസുകാരി സ്‌കൂളില്‍ കുഴഞ്ഞുവീണു മരിച്ചു
ന്യൂഡല്‍ഹി: ആറാം ക്ലാസുകാരി സ്‌കൂളില്‍ കുഴഞ്ഞുവീണു മരിച്ച സംഭവത്തിലെ സത്യാവസ്ഥ അറിയണമെന്നും നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് മാതവിന്റെ വീഡിയോ. സെപ്റ്റംബര്‍ നാലിനാണ് നോയിഡയിലെ പ്രിസീഡിയം സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന തനിഷ്‌ക ശര്‍മ്മ സ്‌കൂളില്‍ കുഴഞ്ഞുവീണു മരിക്കുന്നത്. രണ്ടാഴ്ചയ്ക്ക് ശേഷം മകളുടെ മരണത്തിലെ സത്യാവസ്ഥ അറിയണമെന്നും തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് തനിഷ്‌കയുടെ അമ്മ തൃപ്തി ശര്‍മ്മ സമൂഹമാധ്യമങ്ങളില്‍ ഒരു വീഡിയോ പങ്കുവച്ചു.
തൃപ്തി ശര്‍മ വീഡിയോയില്‍ പറയുന്നത് ഇങ്ങനെ:
സെപ്റ്റംബര്‍ നാലിന് രാവിലെ മകളെ സ്‌കൂളില്‍ കൊണ്ടുവിട്ടതാണ്. അന്നവിടെ അധ്യാപകദിനാഘോഷത്തിന്റെ പരിപാടികള്‍ നടക്കുകയായിരുന്നു. പകല്‍ 11.30 ആയപ്പോഴേക്കും മകള്‍ കുഴഞ്ഞുവീണു എന്നും അടുത്തുള്ള കൈലാഷ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണ് എന്നും പറഞ്ഞ് സ്‌കൂളില്‍ നിന്ന് ഫോണ്‍ വന്നു. ആശുപത്രിയിലെത്തിയപ്പോള്‍ മകളെ കൊണ്ടുവന്നപ്പോഴേ മരിച്ചിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. എന്റെ മകള്‍ക്ക് എന്താണ് സംഭവിച്ചത് എന്നറിയാനുള്ള അവകാശം എനിക്കുണ്ട്. ഞങ്ങള്‍ക്ക് നീതി ലഭിക്കണം'- തൃപ്തി ശര്‍മ്മ പറഞ്ഞു.
സംഭവം നടന്ന സമയം തനിഷ്‌ക ആഹാരം കഴിച്ചപ്പോള്‍ ശ്വാസം മുട്ടി മരിച്ചതാണ് എന്നാണ് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞിരുന്നത്. പിന്നീടാണ് സ്‌കൂളില്‍ കുഴഞ്ഞുവീണു എന്നും ആശുപത്രിയിലേക്ക് പോകുന്ന വഴിയിലാണ് മരിച്ചത് എന്നും പറഞ്ഞത്. കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മുറിവുകള്‍ ഒന്നുമില്ല. കൂടുതല്‍ പരിശോധനയ്ക്കായി ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.