സുക്മ ജില്ലയില്‍ മാവോയിസ്റ്റ് ആയുധ നിര്‍മാണകേന്ദ്രം തകര്‍ത്ത് സുരക്ഷസേന
ഛത്തീസ്ഗഡ്: സുക്മ ജില്ലയില്‍ സുരക്ഷസേന നടത്തിയ പരിശോധനയില്‍ മാവോയിസ്റ്റുകളുടെ വന്‍ ആയുധശേഖരം കണ്ടെത്തി. ഓപറേഷന്‍ പ്രഹാര്‍ എന്ന പേരിലാണ് തിരച്ചില്‍. മാവോയിസ്റ്റുകളുടെ അനധികൃത ആയുധനിര്‍മാണ കേന്ദ്രം പൊളിച്ചുമാറ്റി. വലിയ തോതിലുള്ള സ്‌ഫോടകവസ്തു ശേഖരവും യന്ത്രസാമഗ്രികളും പിടിച്ചെടുത്തു. പൊലീസ് സൂപ്രണ്ട് കിരണ്‍ ചവാന്റെ നേതൃത്വത്തിലുള്ള സംയുക്ത സംഘമാണ് പരിശോധന നടത്തിയത്. നക്‌സലൈറ്റുകള്‍ ഏതോ ഗൂഢപദ്ധതിയുമായാണ് ആയുധശേഖരവും നിര്‍മാണവും നടത്തിയിരുന്നതെന്ന് പൊലീസ് വെളിപ്പെടുത്തി. നക്‌സലൈറ്റ് ബാധിത ജില്ലയായ സുക്മയില്‍ സുരക്ഷസേന ക്യാമ്പ് ചെയ്യുകയാണ്. ആരെയും പിടികൂടാനായിട്ടില്ല.
ആയുധനിര്‍മാണ കേന്ദ്രത്തില്‍നിന്ന് വലിയ ബി.ജി.എല്‍ (ബാരല്‍ ഗ്രനേഡ് ലോഞ്ചര്‍) ലോഞ്ചറുകള്‍ നിര്‍മിക്കുന്നത് ഉള്‍പ്പെടെ മറ്റു സ്‌ഫോന ശേഷിയുള്ള ആയുധങ്ങള്‍ നിര്‍മിച്ചതായി സംശയിക്കുന്നു. മാലിന്യക്കൂമ്പാരത്തില്‍ ആയുധങ്ങള്‍, ബിജിഎല്‍ ലോഞ്ചറുകള്‍, അവ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന യന്ത്രങ്ങളും ഉപകരണങ്ങളും ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.സുക്മ പോലുള്ള വനപ്രദേശങ്ങളില്‍ സുരക്ഷസേനയുടെ ക്യാമ്പുകള്‍ സ്ഥാപിച്ചതിനാല്‍ മാവോയിസ്റ്റ് നീക്കങ്ങളില്‍ വന്‍ കുറവ് വന്നിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.
സുരക്ഷാ സേനയില്‍ നിന്നുള്ള സമ്മര്‍ദവും വിജയകരമായ പ്രവര്‍ത്തനങ്ങളും മാവോയിസ്റ്റുകളെ അവരുടെ ഒളിത്താവളങ്ങളില്‍ നിന്നും ആയുധശേഖരങ്ങളില്‍ നിന്നും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്നുണ്ട്. തലക്ക് ലക്ഷങ്ങള്‍ വിലപറഞ്ഞിട്ടുള്ള മാവോയിസ്റ്റ് തലവന്‍മാര്‍ പിടിയിലായതും സുരക്ഷാസേനയുടെ തുടര്‍ച്ചയായ പരിശോധനകളും മാവോയിസ്റ്റ് സാന്നിധ്യം മേഖലയില്‍ കുറഞ്ഞിട്ടുള്ളതായി നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. ഏറ്റുമുട്ടലുകളില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുകയോ മാരക പരിക്കേല്‍ക്കുന്നവര്‍ പിന്നീട് തിരിച്ചെത്താത്ത വിധം പിന്തുടരുന്ന പരിശോധനകളും സേനയുടെ വിജയമാണ്.