ഉച്ചത്തില്‍ പാട്ട് വെച്ചതുമായി ബന്ധപ്പെട്ട് സംഘര്‍ഷം; കട്ടക്കില്‍ ഇന്റര്‍നെറ്റ് നിരോധനം; 36 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി സര്‍ക്കാര്‍
കട്ടക്കില്‍ ഇന്റര്‍നെറ്റ് നിരോധനം
കട്ടക്ക്: ഒഡീഷയിലെ കട്ടക്കില്‍ ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്കിടെ ഉണ്ടായ സംഘര്‍ഷത്തിന് പിന്നാലെ നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച് സര്‍ക്കാര്‍. സംഘര്‍ഷത്തെ തുടര്‍ന്ന് നഗരത്തില്‍ 36 മണിക്കൂര്‍ നേരത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. മേഖലയില്‍ ഇന്റര്‍നെറ്റ് നിരോധനവും നിലവില്‍ വന്നു. ഉച്ചത്തില്‍ പാട്ട് വച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. നഗരത്തിലെ ദര്‍ഗ ബസാര്‍ പ്രദേശത്താണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
ശനിയാഴ്ച പുലര്‍ച്ചെയാണ് ആദ്യ ആക്രമസംഭവം കട്ടക്കില്‍ നടക്കുന്നത്. രാത്രി വൈകി ഉയര്‍ന്ന ശബ്ദത്തില്‍ സംഗീതം വയ്ക്കുന്നത് നാട്ടുകാര്‍ തടഞ്ഞിരുന്നു. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാനും ക്രമസമാധാനം പുനഃസ്ഥാപിക്കാനും പൊലീസ് ലാത്തി ചാര്‍ജ് നടത്തി. ഇതുവരെ ആറ് പേര്‍ അറസ്റ്റിലായിട്ടുണ്ട്. പിന്നാലെ നടന്ന വിഎച്ച്പി റാലിക്കിടെ വീണ്ടും സംഘര്‍ഷം ഉണ്ടാകുകയായിരുന്നു. ഇതോടെ തിങ്കളാഴ്ച വൈകുന്നേരം 7 മണി വരെ ഒഡീഷ സര്‍ക്കാര്‍ കട്ടക്ക് മേഖലയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചു. മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി സംഭവങ്ങളില്‍ ദുഃഖം രേഖപ്പെടുത്തുകയും സമാധാനത്തിന് ആഹ്വാനം നല്‍കുകയും ചെയ്തു. തിങ്കളാഴ്ച കട്ടക്കില്‍ വിഎച്ച്പി 12 മണിക്കൂര്‍ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.