ബുക്ക് ചെയ്ത ട്രെയിന്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യേണ്ട; യാത്രാ തീയതി മാറ്റാം; പണം നഷ്ടപ്പെടില്ല; അടുത്ത ജനുവരി മുതല്‍ നടപ്പിലാകും; യാത്രികര്‍ക്ക് ആശ്വാസമാകുന്ന വലിയ മാറ്റത്തിന് റെയില്‍വേ
ന്യൂഡല്‍ഹി: ബുക്ക് ചെയ്ത ട്രെയിന്‍ ടിക്കറ്റിന്റെ പണം നഷ്ടപ്പെടാതെ യാത്രാ തീയതിയില്‍ മാറ്റം വരുത്താന്‍ കഴിയുന്ന നടപടിയിലേക്ക് റെയില്‍വേ കടക്കുന്നു. ബുക്ക് ചെയ്ത് കണ്‍ഫേം ആയ ട്രെയിന്‍ ടിക്കറ്റുകളുടെ യാത്രാ തീയതി ഇനി മുതല്‍ പ്രത്യേക തുക നല്‍കാതെ ഓണ്‍ലൈനായി മാറ്റാം എന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ജനുവരി മുതല്‍ പുതിയ നയം പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
യാത്ര പദ്ധതികള്‍ മാറ്റിവെക്കുന്നത് കാരണം മുന്‍കൂട്ടി ബുക്ക് ചെയ്ത ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കാന്‍ മാത്രമേ ഇതുവരെ സാധിച്ചിരുന്നുള്ളൂ. ക്യാന്‍സലേഷന്‍ ചാര്‍ജും മറ്റുമായി ടിക്കറ്റ് നിരക്കിന്റെ നല്ലൊരു ഭാഗം ഇതിലൂടെ യാത്രക്കാര്‍ക്ക് നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. എന്നാല്‍ യാത്രക്കാര്‍ക്ക് പണം നഷ്ടപ്പെടാതെ തങ്ങളുടെ യാത്രയില്‍ മാറ്റം വരുത്താന്‍ സഹായിക്കുന്ന പുതിയ നയമാണ് ഇന്ത്യന്‍ റെയില്‍വേ ഇപ്പോള്‍ കൊണ്ടു വന്നിരിക്കുന്നത്.
ബുക്ക് ചെയ്ത തീയതി മാറ്റി പുതിയ തീയതിയിലേക്ക് ടിക്കറ്റ് മാറ്റുമ്പോള്‍ സീറ്റ് ലഭ്യതയെ ആശ്രയിച്ചായിരിക്കും സ്ഥിരീകരിച്ച ടിക്കറ്റ് ലഭിക്കുക. പുതിയ ടിക്കറ്റിനു കൂടുതല്‍ നിരക്കുണ്ടെങ്കില്‍ യാത്രക്കാര്‍ ആ നിരക്ക് നല്‍കണം. യാത്രാ തീയതി മാറ്റുന്നതിനായി യാത്രക്കാര്‍ ടിക്കറ്റ് റദ്ദാക്കുകയും പുതിയ ടിക്കറ്റ് ബുക്ക് ചെയ്യുകയുമാണ് നിലവില്‍ ചെയ്യുന്നത്. റദ്ദാക്കുന്ന സമയത്തിന് അനുസരിച്ച് തുകയും അടയ്ക്കണം. നിലവിലെ സമ്പ്രദായം അന്യായമാണെന്നും യാത്രക്കാരുടെ താല്‍പര്യത്തിന് എതിരാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
പുതിയ നയത്തില്‍ ടിക്കറ്റിന്റെ തീയതി മാറ്റാന്‍ സാധിക്കുമെങ്കിലും സീറ്റുകളുടെ ലഭ്യത അനുസരിച്ച് മാത്രമേ ഇതിന് സാധിക്കൂവെന്നും റെയില്‍വേ മന്ത്രി അറിയിച്ചു. കൂടാതെ, പുതിയ ടിക്കറ്റിന് നിരക്ക് കൂടുതലാണെങ്കില്‍, യാത്രക്കാര്‍ ആ വ്യത്യാസം നല്‍കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ നിയമങ്ങള്‍ അനുസരിച്ച്, പുറപ്പെടുന്നതിന് 48 മുതല്‍ 12 മണിക്കൂര്‍ മുമ്പ് വരെ ടിക്കറ്റ് റദ്ദാക്കിയാല്‍ യാത്രാക്കൂലിയുടെ 25 ശതമാനമാണ് കുറവ് വരിക. പുറപ്പെടുന്നതിന് 12 മുതല്‍ 4 മണിക്കൂര്‍ മുമ്പുള്ള റദ്ദാക്കലുകള്‍ക്ക് പിഴ വര്‍ധിക്കും. റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കി കഴിഞ്ഞാല്‍ റദ്ദാക്കലുകള്‍ക്ക് പണം തിരികെ ലഭിക്കാറില്ല. കനത്ത റദ്ദാക്കല്‍ ഫീസ് കാരണം ബുദ്ധിമുട്ടുന്ന ലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് ആശ്വാസമാകുന്നതാണ് ജനുവരി മുതല്‍ നടപ്പിലാകുന്ന പുതിയ മാറ്റം.