പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തുടര്‍ച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കി; കരാട്ടെ അധ്യാപികയ്ക്ക് 20 വര്‍ഷം കഠിന തടവ്

കരാട്ടെ അധ്യാപികയ്ക്ക് 20 വര്‍ഷം കഠിന തടവ്

Update: 2025-10-08 04:18 GMT

ചെന്നൈ: പ്ലസ് ടു വിദ്യാര്‍ഥിനിയെ തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കരാട്ടെ അധ്യാപികയായ 28കാരിക്ക് 20 വര്‍ഷം കഠിനതടവ്. തൂത്തുക്കുടി സ്വദേശിനി ബി. ജയസുധ(28)യ്ക്കാണ് ചെന്നൈയിലെ പോക്സോ കോടതി സെഷന്‍സ് ജഡ്ജി എസ്. പദ്മ ശിക്ഷ വിധിച്ചത്. അധ്യാപിക വിദ്യാര്‍ത്ഥിനിയെ നിരവധി തവണ പീഡനത്തിന് ഇരയാക്കുക ആയിരുന്നു. കുട്ടി സ്‌കൂളില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിളിക്കുമ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

ചെന്നൈയില്‍ അധ്യാപികയായിരുന്ന ജയസുധ കഴിഞ്ഞവര്‍ഷം ജൂലായില്‍ സ്‌കൂളിലെ കായികമേളയില്‍വെച്ചാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയുമായി അടുപ്പം സ്ഥാപിച്ചത്. അതിനുശേഷം അവര്‍ സ്‌കൂളിനടുത്തുള്ള ഒരു വീട്ടിലേക്ക് താമസം മാറ്റി. ബാലികയെ അവിടേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികചൂഷണത്തിന് വിധേയയാക്കി. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി താന്‍ പുരുഷനായി മാറുമെന്നും അതിനുശേഷം വിദ്യാര്‍ഥിനിയെ വിവാഹം കഴിക്കുമെന്നും വിശ്വസിപ്പിച്ച് പീഡനം തുടര്‍ന്നു.

ഒരുദിവസം വിദ്യാര്‍ഥിനി സ്‌കൂളിലെത്തിയിട്ടില്ലെന്നു പറഞ്ഞ് രക്ഷിതാക്കള്‍ക്ക് സന്ദേശം ലഭിച്ചു. വീട്ടില്‍ നിന്നും സ്‌കൂൡലേക്ക് എന്നു പറഞ്ഞ് ഇറങ്ങിയ കുട്ടിയെ കുറിച്ച് പോലിസ് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരങ്ങള്‍ പുറത്തുവന്നത്. സ്‌കൂളിനടുത്തുള്ള വീട്ടില്‍വെച്ചും തൂത്തുക്കുടിയിലെ വീട്ടില്‍വെച്ചും ബാലികയെ ലൈംഗികചൂഷണത്തിന് വിധേയയാക്കിയിരുന്നതായി ജയസുധ സമ്മതിച്ചു. ഇതേത്തുടര്‍ന്നാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്.

Tags:    

Similar News