മധ്യപ്രദേശില്‍ ദലിത് യുവാവിനെ തട്ടിക്കൊണ്ടു പോയി ചങ്ങലയ്ക്കിട്ടു മര്‍ദിച്ചു; ബലമായി മൂത്രം കുടുപ്പിച്ചും മൂന്നംഗ സംഘം: ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍

ദലിത് യുവാവിനെ ചങ്ങലയ്ക്ക് കെട്ടിയിട്ട് മർദ്ദിച്ചു, മൂത്രം കുടിപ്പിച്ചു

Update: 2025-10-22 00:28 GMT

ഭോപാല്‍: ദലിത് യുവാവിനെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി ചങ്ങലയ്ക്കിട്ട് ആക്രമിച്ച് മൂത്രം കുടിപ്പിച്ചു. മധ്യപ്രദേശിലെ ബിന്ദ് ജില്ലയിലാണ് സംഭവം. ബിന്ദ് നിവാസിയായ സോനു ബറുവ എന്നയാളുടെ ഡ്രൈവറായിരുന്ന യുവാവാണ് ആക്രമണത്തിന് ഇരയായത്. അടുത്തിടെ ഇയാള്‍ ഡ്രൈവിങ് ജോലി നിര്‍ത്തിയിരുന്നു. മൂന്ന് ദിവസം മുന്‍പ് അലോക് പഥക്, ഛോട്ടു ഓജ എന്നിവരോടൊപ്പം സോനു ബറുവ യുവാവിന്റെ വീട്ടിലെത്തി ഡ്രൈവിങ് ജോലിയ്ക്ക് വരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ യുവാവ് വിസമ്മതിച്ചതോടെ ഇയാളെ ബലമായി മൂവര്‍സംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നു.

മൂവരും ചേര്‍ന്ന് കാറിനുള്ളില്‍ വെച്ച് യുവാവിനെ മര്‍ദ്ദിക്കുകയും ബലമായി മദ്യം കുടിപ്പിക്കുകയും പിന്നീട് നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തതായി ഇര പൊലീസിനോട് പറഞ്ഞു. ഒരു ദിവസം മുഴുവനും പീഡനം തുടര്‍ന്നു. ചങ്ങല കൊണ്ട് കെട്ടിയിട്ട ശേഷം രാത്രി മുഴുവന്‍ മര്‍ദ്ദിച്ചു. ഗുരുതരമായി പരുക്കേറ്റ യുവാവ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

പൊലീസ് നടപടിയെടുക്കാന്‍ വൈകിയെന്ന് ആരോപിച്ച് ഭീം ആര്‍മി അംഗങ്ങള്‍ ആശുപത്രിയില്‍ പ്രതിഷേധം നടത്തി. നീതി ഉറപ്പാക്കിയില്ലെങ്കില്‍ വലിയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. പ്രതിഷേധങ്ങളെ തുടര്‍ന്ന്, സംസ്ഥാന മന്ത്രി രാകേഷ് ശുക്ല, കലക്ടര്‍ കിരോഡി ലാല്‍ മീണ, അഡീഷണല്‍ പൊലീസ് സൂപ്രണ്ട് സഞ്ജീവ് പഥക് എന്നിവര്‍ ഇരയെ സന്ദര്‍ശിച്ചു. ശരിയായ വൈദ്യസഹായം ഉറപ്പാക്കാന്‍ മന്ത്രി ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും കര്‍ശന നടപടി ഉറപ്പു നല്‍കുകയും ചെയ്തു.

Tags:    

Similar News