വിവാഹ ചടങ്ങിനിടെ വരന്റെ സംഘം മോശമായി പെരുമാറി; ചോദ്യം ചെയ്ത പാരാ അത്‌ലറ്റിനെ മര്‍ദിച്ച് കൊന്നു

പാരാ അത്‌ലറ്റിനെ മര്‍ദിച്ച് കൊന്നു

Update: 2025-12-01 02:16 GMT

ഹരിയാന: വിവാഹ ചടങ്ങിനിടെ വരന്റെ കൂടെ വന്നവര്‍ മോശമായി പെരുമാറിയത് ചോദ്യം ചെയ്ത പാരാ അത്ലറ്റ് കൊല്ലപ്പെട്ടു. രോഹിത് ധന്‍കര്‍ (28) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. യുവാവിന്റെ പിന്നാലെ സംഗം ചേര്‍ന്ന് എത്തിയവര്‍ ഇരുമ്പ് പൈപ്പും ഹോക്കി സ്റ്റിക്കും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ശനിയാഴ്ചയാണ് മരണത്തിന് ഇടയാക്കിയ ആക്രമണം നടന്നത്. രോഹിത് സുഹൃത്തിനൊപ്പം ശനിയാഴ്ച രേവാരി ഖേരയിലെ ഒരു ബന്ധുവിന്റെ വീട്ടിലെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. അവിടെവെച്ച് വരന്റെ കൂടെ വന്ന ചില അതിഥികളുടെ മോശം പെരുമാറ്റം രോഹിത്തും സുഹൃത്തും ചോദ്യം ചെയ്തു. ഇത് വാക്കേറ്റത്തിലേക്ക് നയിച്ചു. ചടങ്ങില്‍വച്ച് പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കി. ഇതിനുശേഷം രോഹിത്തും സുഹൃത്തും മടങ്ങി.

എന്നാല്‍ ഇവരുടെ പിന്നാലെ എത്തിയ സംഘം ഇവര്‍ സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി കാര്‍ വളഞ്ഞ് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. രോഹിത്തിന്റെ സുഹൃത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആറുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിന് ഉപയോഗിച്ച വാഹനങ്ങളില്‍ ഒരെണ്ണം പിടിച്ചെടുത്തു.


Tags:    

Similar News