താനെയില്‍ വന്‍ മയക്കുമരുന്ന് വേട്ട; രണ്ട് കോടി വിലമതിക്കുന്ന കഞ്ചാവുമായി ഒരാള്‍ പിടിയില്‍
താനെ: മഹാരാഷ്ട്രയിലെ താനെയില്‍ വന്‍ മയക്കുമരുന്ന് വേട്ട. ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡില്‍ രണ്ട് കോടി രൂപ വിലമതിക്കുന്ന 638 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയിലായി. ഡിസംബര്‍ 30ന് നടത്തിയ റെയ്ഡില്‍ തെലങ്കാന മഹാബുധന്‍പൂര്‍ സ്വദേശിയായ ചിന്ന ടാഗുര്‍ ലക്ഷ്മണാണ് പിടിയിലായത്. ഒഡിഷയില്‍ നിന്നും തെലങ്കാനയില്‍ നിന്നും സ്ഥിരമായി മയക്കുമരുന്ന് കടത്തുന്ന സംഘത്തില്‍ പെട്ടയാളാണ് ഇയാള്‍.
ഇയാളെ പിടികൂടിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ താനെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന വലിയ സംഘങ്ങളുണ്ടെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മുംബൈ- നാഷിക് ഹൈവേയില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെയും 638 കിലോ കഞ്ചാവും പൊലീസ് പിടികൂടിയത്. നിയമവിരുദ്ധ മാര്‍ക്കറ്റില്‍ രണ്ട് കോടിയിലേറെ വിലമതിക്കുന്ന മയക്കുമരുന്നുകളാണ് പിടിച്ചെടുത്തതെന്നും പൊലീസ് അറിയിച്ചു. മയക്കുമരുന്ന് ആക്ട് പ്രകാരം പ്രതിക്കെതിരെ കേസെടുത്തു. കോടതിയില്‍ പ്രവേശിപ്പിച്ച ശേഷം ജനുവരി മൂന്ന് വരെ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.