റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയില്‍ വന്ന ബൈക്ക് ഇടിച്ചു; ആശിഷ് വിദ്യാര്‍ത്ഥിക്കും ഭാര്യയ്ക്കും പരിക്ക്; സുരക്ഷിതരാണെന്ന് താരം

Update: 2026-01-03 15:15 GMT

ന്യൂഡല്‍ഹി: നടന്‍ ആശിഷ് വിദ്യാര്‍ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും വാഹനാപകടത്തില്‍ പരുക്കേറ്റു. ഗുവാഹത്തിയില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടമുണ്ടായത്. ഇരുവര്‍ക്കും നിസ്സാര പരുക്കേറ്റു. അപകടത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ ആരാധകര്‍ക്കിടയില്‍ ആശങ്ക പടര്‍ന്നെങ്കിലും, തങ്ങള്‍ സുരക്ഷിതരാണെന്നും നിലവില്‍ ചികിത്സയിലാണെന്നും ആശിഷ് വിദ്യാര്‍ത്ഥി തന്നെ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.

രാത്രി ഭക്ഷണത്തിന് ശേഷം റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയില്‍ വന്ന ഒരു മോട്ടോര്‍ സൈക്കിള്‍ ഇവരെ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ അധികൃതരെ വിവരമറിയിക്കുകയും അടിയന്തര സേവന വിഭാഗം സ്ഥലത്തെത്തി ദമ്പതികളെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോവുകയും ചെയ്തു. അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ചികിത്സയ്ക്കായി ഗുവാഹാത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ആശുപത്രിയില്‍ നിന്ന് ഇന്‍സ്റ്റാഗ്രാം ലൈവിലൂടെയാണ് താരം തന്റെയും ഭാര്യയുടെയും ആരോഗ്യനിലയെക്കുറിച്ച് അറിയിച്ചത്. തനിക്ക് നിസ്സാര പരിക്കുകള്‍ മാത്രമേയുള്ളൂവെന്നും സാധാരണ നിലയില്‍ നടക്കാനും സംസാരിക്കാനും സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രൂപാലിയെ മുന്‍കരുതല്‍ എന്ന നിലയില്‍ മാത്രമാണ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത് എന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അദ്ദേഹം ആരാധകരോട് അഭ്യര്‍ത്ഥിച്ചു.

നിലവില്‍ ഇരുവരും സുഖം പ്രാപിച്ചുവരികയാണ്. അപകടസമയത്ത് തങ്ങളെ സഹായിച്ച പ്രാദേശിക നിവാസികള്‍ക്കും മെഡിക്കല്‍ ജീവനക്കാര്‍ക്കും അടിയന്തര സേവന വിഭാഗത്തിനും താരം നന്ദി രേഖപ്പെടുത്തി. അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രക്കാരന്‍ ബോധം വീണ്ടെടുത്തതായി താന്‍ പോലീസുമായി ബന്ധപ്പെട്ട് അറിഞ്ഞുവെന്നും ആശിഷ് വിദ്യര്‍ത്ഥി അറിയിച്ചു.

Similar News