കണ്ണ് ചൂഴ്‌ന്നെടുത്തു; തല അടിച്ചു തകര്‍ത്തു; ഡല്‍ഹിയില്‍ 12 വയസുകാരനെ അതിക്രൂരമായി കൊലപ്പെടുത്തി രണ്ടാനച്ഛന്‍: വീഡിയോ കുട്ടിയുടെ അമ്മയ്ക്ക് അയച്ചു നല്‍കി
12 വയസുകാരനെ അതിക്രൂരമായി കൊലപ്പെടുത്തി രണ്ടാനച്ഛന്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 12 വയസ്സുള്ള ആണ്‍കുട്ടിയെ രണ്ടാനച്ഛന്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് അതിക്രൂരമായി കൊലപ്പെടുത്തി. കൊലപാതകത്തിനു പിന്നാലെ കുട്ടിയുടെ മൃതദേഹത്തിന്റെ വിഡിയോ ഭാര്യയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കളിസ്ഥലത്തിന് സമീപത്ത് നിന്നും വികൃതമാക്കപ്പെട്ട നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും കുട്ടിയുടെ തല അടിച്ചു തകര്‍ക്കുകയും ചെയ്തു.
വെള്ളിയാഴ്ച പുലര്‍ച്ചെ ശാസ്ത്രി പാര്‍ക്ക് ചൗക്കിന് സമീപമുള്ള കുറ്റിക്കാട്ടില്‍ നിന്നാണു ഏഴാം ക്ലാസ് വിദ്യാര്‍ഥിയുടെ വികൃതമാക്കപ്പെട്ട മൃതദേഹം പൊലീസ് കണ്ടെത്തിയത്. കുട്ടിയുടെ തലയിലും മുഖത്തും കണ്ണുകളിലും ഗുരുതരമായ പരിക്കുകളുണ്ടായിരുന്നു. അതിക്രൂരമായാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. വെള്ളിയാഴ്ച രാവിലെയാണ് 12 വയസ്സുകാരന്റെ കൊലപാതകവിവരം വീട്ടുകാര്‍ അറിയുന്നത്. മകന്റെ മൃതദേഹത്തിന്റെ ദൃശ്യങ്ങളടങ്ങിയ വാട്‌സ്ആപ്പ് വിഡിയോ കുട്ടിയുടെ അമ്മയ്ക്ക് അജ്ഞാത നമ്പറില്‍ നിന്ന് ലഭിക്കുകയായിരുന്നു.
നിന്റെ മകനെ കൊണ്ടുപോ എന്നും വിഡിയോയില്‍ പ്രതി പറഞ്ഞതായി ഇവര്‍ പറയുന്നു. ''മകന്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. അവന്റെ ഒരു കണ്ണ് ചൂഴ്‌ന്നെടുത്തിരുന്നു. തല അടിച്ചു തകര്‍ത്തിരുന്നു. വിഡിയോ കണ്ടപ്പോള്‍ ഞാന്‍ തളര്‍ന്നു വീണുപോകുമെന്ന് തോന്നി. മകനെ കൊല്ലുമെന്ന് മുന്‍പ് ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും, അയാള്‍ ഇങ്ങനെ ചെയ്യുമെന്ന് ഞാന്‍ കരുതിയിരുന്നില്ല'' അവര്‍ പറഞ്ഞു. വ്യാഴാഴ്ച ഫുട്‌ബോള്‍ കളിസ്ഥലത്തുനിന്ന് മകനെ കൂട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തുകയായിരുന്നെന്നു ഭാര്യ ആരോപിച്ചു. വഴക്കിനെ തുടര്‍ന്നു വീട്ടില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ഭാര്യ പ്രതിയോട് ആവശ്യപ്പെട്ടതാണു പ്രകോപനത്തിനു കാരണമെന്നാണു കരുതുന്നത്.