'ഞങ്ങളുടെ ശബ്ദം അവരുടെ ചെവികളില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു; വലിയ നിരാശയാണ് നല്‍കിയത്'; തമിഴ്‌നാടിനെ ബജറ്റില്‍ തഴഞ്ഞത് നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ തോല്‍വി ഉറപ്പായതിനാലെന്ന് എം കെ സ്റ്റാലിന്‍
ചെന്നൈ: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന കാര്യം ഉറപ്പായതിനാലാണ് തമിഴ്‌നാടിനെ കേന്ദ്ര ബജറ്റില്‍ അവഗണിച്ചതെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ബജറ്റിനെ നിരാശാജനകമെന്ന് വിലയിരുത്തിയ സ്റ്റാലിന്‍ സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ പൂര്‍ണമായും അവഗണിച്ചുവെന്നും കുറ്റപ്പെടുത്തി.. സംസ്ഥാനം തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന സന്ദര്‍ഭമായതിനാല്‍ ബജറ്റില്‍ തങ്ങളുടെ ആശങ്കകള്‍ പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും വിശദമായ പ്രസ്താവനയില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഈ വര്‍ഷമെങ്കിലും ബി.ജെ.പി. സര്‍ക്കാരിന്റെ കണ്ണുകളില്‍ തമിഴ്നാട് തെളിഞ്ഞു കാണുമെന്നും ഞങ്ങളുടെ ശബ്ദം അവരുടെ ചെവികളില്‍ എത്തുമെന്നും ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷകള്‍ തകര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ പകരം വലിയ നിരാശയാണ് നല്‍കിയത്,' അദ്ദേഹം പറഞ്ഞു. ദരിദ്രര്‍ക്കും സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും പ്രയോജനകരമായ പ്രധാന പദ്ധതികളൊന്നും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും സ്റ്റാലിന്‍ ആരോപിച്ചു. തമിഴ്നാടിനായി പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാത്തതിലും പ്രധാന പദ്ധതികളുടെ തടഞ്ഞുവെച്ച ഫണ്ടുകള്‍ വിതരണം ചെയ്യാത്തതിലും അദ്ദേഹം കേന്ദ്രത്തെ വിമര്‍ശിച്ചു.
സംസ്ഥാനങ്ങളുടെ മൊത്തം നികുതി വരുമാനത്തില്‍ 41 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി വര്‍ധിപ്പിക്കണമെന്ന തമിഴ്നാടിന്റെയും മറ്റ് പല സംസ്ഥാനങ്ങളുടെയും ദീര്‍ഘകാല ആവശ്യം വീണ്ടും അവഗണിക്കപ്പെട്ടുവെന്ന് സ്റ്റാലിന്‍ പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തേക്ക് 4.097 ശതമാനമായി തുടരുമെന്ന് പ്രതീക്ഷിക്കുന്ന നികുതി വിഹിതത്തില്‍ തമിഴ്നാടിന്റെ ഓഹരിയെക്കുറിച്ചും സ്റ്റാലിന്‍ ആശങ്ക പ്രകടിപ്പിച്ചു. പ്രാഥമിക കണക്കുകള്‍ ഉദ്ധരിച്ച്, മറ്റ് സമാന സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് പ്രതിവര്‍ഷം ഏകദേശം 5,000 കോടി രൂപയുടെ വരുമാന നഷ്ടത്തിന് കാരണമായേക്കാമെന്ന് അദ്ദേഹം പറഞ്ഞു. ജി.എസ്.ടി. പരിഷ്‌കാരങ്ങള്‍ സംസ്ഥാനങ്ങളുടെ വരുമാനത്തെ പ്രതികൂലമായി ബാധിച്ച ഈ സമയത്ത് കേന്ദ്ര നികുതികളില്‍ തമിഴ്നാടിന്റെ ഓഹരി ഏകദേശം 1,200 കോടി രൂപയായി കുറച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു./*-
ജല്‍ ജീവന്‍ മിഷന് കീഴില്‍ ആവശ്യപ്പെട്ട 3,112 കോടി രൂപ വിതരണം ചെയ്യാത്തതിനെക്കുറിച്ച് സൂചിപ്പിച്ച്, 2025-26 ബഡ്ജറ്റ് എസ്റ്റിമേറ്റില്‍ 67,000 കോടി രൂപയില്‍ നിന്ന് റവീസ്ഡ് എസ്റ്റിമേറ്റില്‍ 17,000 കോടി രൂപയായി പദ്ധതിയുടെ വകയിരുത്തല്‍ കുറച്ചതിനെ സ്റ്റാലിന്‍ വിമര്‍ശിച്ചു, ഇത് പദ്ധതിയെ തളര്‍ത്താനുള്ള ശ്രമമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പ്രധാനമന്ത്രി സഡക് യോജനയുടെ റിവൈസ്ഡ് എസ്റ്റിമേറ്റില്‍ 19,000 കോടി രൂപയില്‍ നിന്ന് 11,000 കോടി രൂപയായും, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പദ്ധതിയില്‍ 35,832 കോടി രൂപയില്‍ നിന്ന് 32,500 കോടി രൂപയായും വകയിരുത്തല്‍ കുറച്ചതിനെയും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പി.എം. ഇന്റേണ്‍ഷിപ്പ് പദ്ധതിയെ വലിയ പരാജയം എന്ന് വിശേഷിപ്പിച്ച് കഴിഞ്ഞ വര്‍ഷം 10,831 കോടി രൂപ പദ്ധതിക്കായി പ്രഖ്യാപിച്ചിരുന്നെങ്കിലും, 2025-26 ലെ പുതുക്കിയ എസ്റ്റിമേറ്റ് വെറും 526 കോടി രൂപ മാത്രമാണെന്നും സ്റ്റാലിന്‍ പറഞ്ഞു.
സമഗ്ര ശിക്ഷാ പദ്ധതിക്ക് കീഴില്‍ 3,548 കോടി രൂപ വിതരണം ചെയ്യുന്നതിനെക്കുറിച്ച് യാതൊരു പരാമര്‍ശവും ഇല്ലാത്തതിനെ സ്റ്റാലിന്‍ വിമര്‍ശിച്ചു, മൂന്ന് ഭാഷാ നയം നടപ്പിലാക്കാത്തതിനെ തുടര്‍ന്നാണ് ഇത് തടഞ്ഞുവെച്ചതെന്നും അദ്ദേഹം പറഞ്ഞു. ജല്‍ ജീവന്‍ മിഷന്‍ നടപ്പിലാക്കുന്നതില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്നാട്, എന്നിട്ടും തടഞ്ഞുവെച്ച ഫണ്ടുകള്‍ വിതരണം ചെയ്തിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
