തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മൂന്ന് കുട്ടികള്‍ ഉള്ളത് തടസ്സമായി; ആറു വയസുകാരിയായ മകളെ കനാലിലെറിഞ്ഞു കൊന്ന അച്ഛൻ അറസ്റ്റിൽ

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തടസം; ആറുവയസുകാരിയെ കൊലപ്പെടുത്തിയ അച്ഛൻ അറസ്റ്റിൽ

Update: 2026-02-03 02:27 GMT

ഹൈദരബാദ്: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തടസമാകാതിരിക്കാന്‍ ആറുവയസുകാരിയായ മകളെ അച്ഛന്‍ കനാലിലെറിഞ്ഞ് കൊലപ്പെടുത്തി. സംഭവത്തില്‍

കുട്ടിയുടെ പിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശിയായ പാണ്ഡുരംഗ് കോണ്ഡ്മംഗളെയാണ് തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയില്‍ നിന്നും ഇയാള്‍ കുഞ്ഞുമായി തെലുങ്കാനയില്‍ എത്തയ ശേഷം കനാലില്‍ എറിഞ്ഞ് കൊലപ്പെടുത്തുക ആയിരുന്നു.

മഹാരാഷ്ട്രയിലെ നിയമപ്രകാരം രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ വിലക്കുണ്ട്. ഇദ്ദേഹത്തിന് മൂന്ന് കുട്ടികള്‍ ഉള്ളതിനാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്ന ഇയാള്‍ കുട്ടിയെ കൊലപ്പെടുത്തുക ആയിരുന്നു. ബാര്‍ബറായ പാണ്ഡുരംഗിന് ആദ്യം ഇരട്ട പെണ്‍കുട്ടികളാണ് ജനിച്ചത്. പിന്നീട് ഒരു മകനും ഉണ്ടായി. തന്റെ രാഷ്ട്രീയ മോഹങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ മൂന്ന് കുട്ടികള്‍ തടസമാകുമെന്ന് കണ്ട പാണ്ഡുരംഗ് മകള്‍ പ്രാചിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം നിസാം സാഗര്‍ കനാലില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ചിത്രം മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറിയതിന് പിന്നാലെ പാണ്ഡുരംഗിന്റെ കാണാതായ മകള്‍ പ്രാചിയുടെതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു.

എന്നാല്‍ ചോദ്യം ചെയ്യലില്‍ പാണ്ഡുരംഗ് നല്‍കിയ മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് ഇയാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചു. കൊലപാതകം നടന്ന സമയത്ത് ഇയാള്‍ തെലങ്കാനയില്‍ ഉണ്ടായിരുന്നതായി ലൊക്കേഷന്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍, രാഷ്ട്രീയ മോഹങ്ങള്‍ക്കായി മകളെ കൊലപ്പെടുത്തിയതാണെന്ന് ഇയാള്‍ സമ്മതിക്കുകയായിരുന്നു.

Tags:    

Similar News