നിയമം പാലിച്ചില്ലെങ്കില്‍ ഇന്ത്യ വിടാം; വാട്‌സാപ്പിന് സുപ്രീം കോടതിയുടെ അന്ത്യശാസനം

Update: 2026-02-03 09:11 GMT

ന്യൂഡല്‍ഹി: പൗരന്മാരുടെ സ്വകാര്യതയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ സാധിക്കില്ലെങ്കില്‍ ഇന്ത്യ വിട്ടുപോകുന്നതാണ് നല്ലതെന്നും വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റയോട് സുപ്രീം കോടതി. വാട്‌സാപ്പിന്റെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട കേസിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് കമ്പനിക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കിയത്.

ഉപഭോക്താക്കളുടെ വിവരങ്ങള്‍ പരസ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് വ്യക്തിഗത വിവരങ്ങളുടെ മോഷണമാണെന്ന് കോടതി നിരീക്ഷിച്ചു. 2021-ലെ സ്വകാര്യതാ നയത്തിനെതിരെ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ചുമത്തിയ 213 കോടി രൂപയുടെ പിഴ ചോദ്യം ചെയ്ത് മെറ്റ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ രൂക്ഷവിമര്‍ശനം. വിവരങ്ങള്‍ പങ്കുവെക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് സേവനം വേണ്ടെന്നുവെക്കാനുള്ള സംവിധാനം അതീവ സങ്കീര്‍ണ്ണമാണ്. തമിഴ്‌നാട്ടിലെ ഒരു ഗ്രാമീണനോ വഴിയോര കച്ചവടക്കാരനോ മനസ്സിലാക്കാന്‍ സാധിക്കാത്ത വിധം കടുപ്പമേറിയ ഭാഷയിലാണ് നിബന്ധനകള്‍ തയ്യാറാക്കിയിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

വിപണിയിലെ ആധിപത്യം മുതലെടുത്ത് ഇത്തരം നയങ്ങള്‍ അംഗീകരിക്കാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. ലാഭത്തിന് വേണ്ടി ജനങ്ങളുടെ അവകാശങ്ങള്‍ ഹനിക്കാന്‍ അനുവദിക്കില്ല. ഉപഭോക്താക്കളുടെ ഒരു തരി ഡിജിറ്റല്‍ വിവരം പോലും അനുവാദമില്ലാതെ പങ്കുവെക്കില്ലെന്ന് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി മെറ്റയോട് നിര്‍ദേശിച്ചു. അല്ലാത്തപക്ഷം വാട്‌സാപ്പിന്റെ പ്രവര്‍ത്തനം തടയുന്നതടക്കമുള്ള കര്‍ശന നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

Similar News