സെപ്റ്റിക് ടാങ്കിനുള്ളിലെ ഇരുമ്പ് പെട്ടിയില്‍ യുവതിയുടെ മൃതദേഹം; കൊല്ലപ്പെട്ടത് കാമുകനെ തേടി മഹാരാഷ്ട്രയില്‍ നിന്നും ഭോപ്പാലിലെത്തിയ 33കാരി: ഒളിവില്‍ പോയ പ്രതിക്കായി തിരച്ചില്‍
സെപ്റ്റിക് ടാങ്കിനുള്ളിലെ ഇരുമ്പ് പെട്ടിയില്‍ യുവതിയുടെ മൃതദേഹം
ഭോപ്പാല്‍: ആളൊഴിഞ്ഞ പറമ്പിലെ സെപ്റ്റിക് ടാങ്കിനുള്ളില്‍ ഇരുമ്പു പെട്ടിയിലാക്കിയ നിലയില്‍ യുവതിയുടെ മൃതദേഹം. ഭോപ്പാലില്‍ നടന്ന സംഭവത്തില്‍ മഹാരാഷ്ട്ര സ്വദേശിയായ 33കാരിയുടെ മൃതദേഹമാണ് അഴുകിയ നിലയില്‍ കണ്ടെടുത്തത്. മഹാരാഷ്ട്രയിലെ ഗോണ്ടിയ സ്വദേശിയായ സിയ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കേസ് രജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ തന്നെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. സിയയുടെ കാമുകനും ഭോപ്പാല്‍ സ്വദേശിയുമായ സമീറാണ് കൊല നടത്തിയത്. ശേഷം വീട്ടുകാരുടെ സഹായത്തോടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളുക ആയിരുന്നു.
ഇന്‍സ്റ്റഗ്രാമിലുടെ ഒരു വര്‍ഷം മുന്‍പാണ് സിയയും ഭോപ്പാല്‍ സ്വദേശിയായ സമീറും പരിചയപ്പെടുന്നതും പ്രണയിക്കുന്നതും. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണെന്ന വിവരം മറച്ചുവെച്ചാണ് സമീര്‍ സിയയുമായി പ്രണയത്തിലാവുന്നത്. സമീറിനൊപ്പം ജീവിക്കാനായി മൂന്ന് മാസം മുന്‍പ് സിയ തന്റെ നാടുവിട്ട് ഭോപ്പാലിലെ കമലാ നഗറിലുള്ള സമീറിന്റെ വീട്ടിലെത്തി. ഇതോടെയാണ് സിയ വിവാഹിതയാണെന്ന വിവരം അറിയുന്നത്. വിവാഹിതനെന്ന് അറിഞ്ഞിട്ടും സിയ സമീറിന്റെ വീട്ടില്‍ താമസം തുടങ്ങി. സിയ മുന്‍പ് മൂന്ന് തവണ വിവാഹിതയായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇതോടെ സിയയും സമീറിന്റെ ഭാര്യയും തമ്മില്‍ നിരന്തരം വഴക്കുകള്‍ ഉണ്ടായി. സമീര്‍ തന്നെ വിവാഹം കഴിക്കണമെന്ന് സിയ സമ്മര്‍ദ്ദം ചെലുത്തി. വിവാഹം കഴിക്കുന്നില്ലെങ്കില്‍ 5 ലക്ഷം രൂപ നല്‍കണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും സിയ ഭീഷണിപ്പെടുത്തിയതായും പറയപ്പെടുന്നു. തര്‍ക്കം രൂക്ഷമായതോടെ സമീറിന്റെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോവുകയും ചെയ്തു. ഇതോടെ സമീറും സിയയും തമ്മില്‍ അടിപിടിയാകുകയും പ്രകോപിതനായ സമീര്‍ സിയയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.
കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി സമീര്‍ തന്റെ അമ്മ, സഹോദരന്‍, സഹോദരി എന്നിവരുടെ സഹായം തേടി. മൃതദേഹം ഇരുമ്പ് പെട്ടിയിലാക്കി തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ വീടിനടുത്തുള്ള ഒഴിഞ്ഞ പറമ്പിലെ സെപ്റ്റിക് ടാങ്കില്‍ തള്ളി. വ്യാഴാഴ്ച വൈകുന്നേരം സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ടാങ്കില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധിച്ചു. നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ ടാങ്കിനുള്ളില്‍ ഒരു ഇരുമ്പ് പെട്ടി പൊങ്ങിക്കിടക്കുന്നത് കണ്ട് പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തി പെട്ടി തുറന്നപ്പോഴാണ് യുവതിയുടെ അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാന്‍ സഹായിച്ചത് സിയയുടെ കൈയിലുണ്ടായിരുന്ന ടാറ്റൂവാണ്.
സിയയുടെ മൃതദേഹത്തിന് നാല് ദിവസം വരെ പഴക്കമുണ്ടെന്ന് നിഷാത്പുര പൊലീസ് ഇന്‍സ്‌പെക്ടര്‍ മനോജ് പട്വ സ്ഥിരീകരിച്ചു. പ്രാഥമിക നിഗമനമനുസരിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടന്നിരിക്കുന്നത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ സമീറിനായി തിരച്ചില്‍ തുടരുന്നു. എന്നാല്‍ മൃതദേഹം ഒളിപ്പിക്കാന്‍ സഹായിച്ച സമീറിന്റെ അമ്മ, സഹോദരന്‍, സഹോദരി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
