അവകാശികളില്ലാതെ ബാങ്കുകളിലുള്ളത് 1.84 ലക്ഷം കോടിയുടെ ആസ്തി; രേഖകളുമായെത്തുന്നവര്‍ക്ക് തിരികെ നല്‍കുമെന്ന് നിര്‍മലാ സീതാരാമന്‍
അവകാശികളില്ലാതെ ബാങ്കുകളിലുള്ളത് 1.84 ലക്ഷം കോടിയുടെ ആസ്തി
ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്ന 1.84 ലക്ഷം കോടിയുടെ ആസ്തി യഥാര്‍ഥ ഉടമകളില്‍ തന്നെ എത്തുമെന്ന് അധികൃതര്‍ ഉറപ്പ് വരുത്തണമെന്ന് ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍. ഗുജറാത്ത് ധനകാര്യ മന്ത്രി കന്നുഭായ് ദേശായ്, വിവിധ ബാങ്കുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത് 'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം' എന്ന കാംപെയ്‌നില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മൂന്നു മാസത്തെ കാംപെയ്‌നിലൂടെ അവകാശികളെത്താത്ത പണം ശരിയായ കരങ്ങളിലെത്തിക്കാന്‍ അവബോധം നടത്താന്‍ നിര്‍മലാ സീതാരാമന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പണം സുരക്ഷിതമാണെന്നും രേഖകളുമായി വന്നാല്‍ എപ്പോള്‍ വേണമെങ്കിലും അവ തിരിച്ച് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ അവകാശികളില്ലാത്ത സ്വത്ത് സര്‍ക്കാറിന്റെ മേല്‍നോട്ടത്തിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിക്ഷേപങ്ങള്‍ ബാങ്കുകളില്‍ നിന്ന് ആര്‍ബിഐയിലേക്കും സ്റ്റോക്കുകളാണെങ്കില്‍ സെബിയില്‍ നിന്ന് മറ്റൊരു കേന്ദ്രത്തിലേക്കോ ഐ.ആര്‍.പി.എഫിലേക്കോ പോകും. അവകാശികളില്ലാത്ത സ്വത്തുക്കളുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഉഡ്ഗം പോര്‍ട്ടല്‍ തയാറാക്കിയിട്ടുണ്ട്.