'ഓപ്പറേഷന്‍ സിന്ദൂറി'ന്റെ ട്രേഡ്മാര്‍ക്ക് രജിസ്‌ട്രേഷന്‍ തേടി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്; അപേക്ഷ സമര്‍പ്പിച്ചതായി റിപ്പോര്‍ട്ടുകള്‍
'ഓപ്പറേഷന്‍ സിന്ദൂറി'ന്റെ ട്രേഡ്മാര്‍ക്ക് രജിസ്‌ട്രേഷന്‍ തേടി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്
ന്യൂഡല്‍ഹി: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് 'ഓപ്പറേഷന്‍ സിന്ദൂര്‍' ട്രേഡ് മാര്‍ക്ക് രജിസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. വിദ്യാഭ്യാസ, വിനോദ സേവനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ക്ലാസ് 41ന് കീഴിലുള്ള 'ചരക്കുകളുടെയും സേവനങ്ങളുടെയും' രജിസ്‌ട്രേഷനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് മെയ് 7ന് അപേക്ഷ സമര്‍പ്പിച്ചതായി ലൈവ് ലോ ആണ് റിപ്പോര്‍ട്ട് ചെയ്തത്. 1999ലെ ട്രേഡ് മാര്‍ക്ക് ആക്ടിന് കീഴില്‍ യോഗ്യത നേടുന്നവര്‍ക്ക് ഇത് സ്വന്തമാക്കാം. മുംബൈ നിവാസിയായ മുകേഷ് ചേത്രാം അഗര്‍വാള്‍, വിരമിച്ച ഗ്രൂപ്പ് ക്യാപ്റ്റന്‍ കമല്‍ സിങ് ഒബെര്‍, ഡല്‍ഹിയിലെ അഭിഭാഷകന്‍ അലോക് കോത്താരി എന്നിവരും സമാനമായ അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
മെയ് 7ന് രാവിലെ നാലുപേരും ഈ അപേക്ഷകള്‍ സമര്‍പിച്ചതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ 22ന് 26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ നടത്തിയ ഓപറേഷന്റെ നാമകരണം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നിടയിലാണ് വ്യവസായ പ്രമുഖര്‍ അത് സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്.