പാക്കിസ്ഥാൻ വനിത സീമ ഹൈദറുടെ വസതിയിൽ അതിക്രമിച്ചു കയറിയ കേസ്; ഗുജറാത്ത് സ്വദേശി പിടിയിൽ; വീട്ടിൽ അതിക്രമിച്ച് കയറിയത് ദുർമന്ത്രവാദം നടത്തിയെന്നാരോപിച്ച്; പ്രതിക്ക് മാനസിക പ്രശ്നമുണ്ടെന്ന് പോലീസ്

Update: 2025-05-04 15:33 GMT

നോയിഡ: ഇന്ത്യയിൽ താമസിക്കുന്ന പാക്കിസ്ഥാൻ വനിത സീമ ഹൈദറുടെ വസതിയിലേക്ക് അതിക്രമിച്ചു കയറിയ കേസിൽ പിടിയിലായ പ്രതിക്ക് മാനസിക പ്രശ്നമുണ്ടെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ഗുജറാത്ത് സ്വദേശിയായ സുരേന്ദ്രർ നഗർ സ്വദേശി തേജസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സീമ ഹൈദറും ഭർത്താവ് സച്ചിൻ മീണയും താമസിക്കുന്ന യു.പിയിലെ രബുപുരയിലെ വീട്ടിലാണ് ഇയാൾ അതിക്രമിച്ചുകയറിയത്. സീമ തനിക്കെതിരെ ദുർമന്ത്രവാദം ചെയ്തെന്ന് ആരോപിച്ചാണ് തേജസ് എന്നയാൾ ഇവരുടെ വീട്ടിൽ കയറിയത്.

ശനിയാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു തേസജ് സീമ ഹൈദറിന്റെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചത്. ഗുജറാത്തിൽ നിന്നും ട്രെയിനിൽ മാർഗമാണ് തേജസ് ഡൽഹിയിലെത്തിയത്. അവിടെ നിന്ന് ബസിൽ ഉത്തർപ്രദേശിലെത്തി. സീമയുടെ ചിത്രങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഇയാളുടെ ഫോണിൽനിന്നു കണ്ടെത്തി. സീമ തനിക്കെതിരെ ദുർമന്ത്രവാദം നടത്തിയെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. വരും ദിവസങ്ങളിൽ കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നാണ് സൂചന.

പബ്ജി ഗെയിം വഴിയാണ് സച്ചിൻ മീണയും പാക് യുവതിയുമായി സീമ ഹൈദറും പരിചയപ്പെട്ടത്. പിന്നീട് ഇവർ തമ്മിൽ പ്രണയത്തിലായി. തുടർന്ന് കാമുകനൊപ്പം താമസിക്കാൻ പാക്കിസ്ഥാനിൽനിന്ന് നേപ്പാൾ വഴി ഇന്ത്യയിലെത്തിയതാണ് 32 വയസ്സുകാരിയായ സീമ ഹൈദര്‍. നോയിഡ സ്വദേശിയായ 27 വയസ്സുകാരൻ സച്ചിന്‍ മീണയ്‌ക്കൊപ്പം ജീവിക്കാനാണ് രണ്ടു വര്‍ഷം മുന്‍പ് സീമ ഹൈദര്‍ തന്റെ മക്കളുമായി ഇന്ത്യയിലെത്തിയത്. അനധികൃതമായി ഇന്ത്യയിലെത്തിയതോടെ മതം മാറിയ സീമ മക്കളുടെ പേരും മാറ്റിയിരുന്നു. നിയമപരമായി സച്ചിനെ വിവാഹം കഴിക്കാൻ ഒരുങ്ങിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ഇതോടെ സീമ അറസ്റ്റിലായെങ്കിലും ജാമ്യം ലഭിച്ചു. പിന്നീട് സച്ചിനെ വിവാഹം കഴിക്കുകയായിരുന്നു. അടുത്തിടെ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നിരുന്നു. സീമ ഹൈദര്‍ ഇപ്പോള്‍ ഒരു സോഷ്യല്‍മീഡിയ കണ്ടന്റ് ക്രിയേറ്ററാണ്. സീമയ്‌ക്കൊപ്പം സച്ചിനും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. കുടുംബത്തിന്റെ നിലവിലെ പ്രധാനവരുമാനമാര്‍ഗവും സോഷ്യല്‍മീഡിയയില്‍നിന്നുള്ള പ്രതിഫലമാണ്. പ്രതിമാസം ലക്ഷങ്ങൾ നേടുന്നുണ്ടെന്നാണ് സൂചന. സീമ ഹൈദറിനും ഭര്‍ത്താവ് സച്ചിനും നിലവില്‍ ആറ് യൂട്യൂബ് ചാനലുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ പ്രധാനചാനലിന് മാത്രം ഒരുമില്യണിലേറെ സബ്‌സ്‌ക്രൈബേഴ്‌സുണ്ട്.

ഫാമിലി വ്‌ളോഗ്, ഡെയ്‌ലി ലൈഫ് വീഡിയോകള്‍ തുടങ്ങിയവയാണ് ചാനലുകളില്‍ പ്രധാനമായും അപ് ലോഡ് ചെയ്യുന്നത്. 45,000 രൂപയാണ് യൂട്യൂബില്‍നിന്ന് തനിക്ക് ആദ്യമായി ലഭിച്ച പ്രതിഫലമെന്ന് സീമ ഹൈദര്‍ വെളിപ്പെടുത്തിയിരുന്നു. നിലവില്‍ വീഡിയോ വ്യൂസ്, ബ്രാന്‍ഡ് പ്രൊമോഷന്‍ എന്നിവയെല്ലാം തങ്ങളുടെ ചാനലിലൂടെ ഇവർ ചെയ്യുന്നുണ്ട്. നിലവില്‍ കുടുംബത്തിന്റെ പ്രധാന വരുമാനവും ഇതുതന്നെയാണ്. സോഷ്യല്‍മീഡിയയില്‍നിന്നുള്ള വരുമാനം വര്‍ധിച്ചതോടെ ഭര്‍ത്താവിനോട് ജോലി വിടാനും കുടുംബത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനും സീമ ഹൈദര്‍ ഉപദേശിക്കുകയും ചെയ്തിരുന്നു.

Tags:    

Similar News