ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വ്യോമഗതാഗത വിലക്ക് അടുത്ത മാസം 23 വരെ തുടരും; വിലക്ക് ഈ മാസം അവസാനിക്കാനിരിക്കെയാണ് നീട്ടിയത്; വിലക്ക് ഇരുരാജ്യങ്ങളുടെയും വിമാനങ്ങള്‍ക്ക് മാത്രം

Update: 2025-10-15 23:43 GMT

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വ്യോമഗതാഗത വിലക്ക് അടുത്ത മാസം 23 വരെ തുടരും. മുന്‍നിശ്ചയപ്രകാരം ഈ മാസം അവസാനിക്കേണ്ടിയിരുന്ന വിലക്ക് പാകിസ്ഥാന്‍ ഒരു മാസം കൂടി നീട്ടിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയും പാകിസ്ഥാന്‍ വിമാനങ്ങള്‍ക്കെതിരെ സമാന നടപടികള്‍ തുടരാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

ജമ്മു-കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ ജീവന്‍ നഷ്ടമായ ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്ഥാന്‍ ആദ്യമായി ഏപ്രില്‍ 23ന് വ്യോമപാത അടച്ചത്. അതിന് പിന്നാലെ സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയതോടെ ഇരു രാജ്യങ്ങളുടെയും ബന്ധം കൂടുതല്‍ വഷളായി. മറുപടിയായി ഇന്ത്യയും ഏപ്രില്‍ 30ന് പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത ഉപയോഗിക്കാന്‍ വിലക്കി.

ദിവസേന നൂറ്റിയമ്പതോളം ഇന്ത്യന്‍ വിമാനങ്ങളാണ് പാകിസ്ഥാന്‍ വ്യോമപാതയിലൂടെ മിഡില്‍ ഈസ്റ്റിലേക്കും യൂറോപിലേക്കും പറന്നിരുന്നത്. ഇപ്പോഴിതു വിലക്കിനെ തുടര്‍ന്ന് ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ ദൂരം കൂടിയ വഴികളിലൂടെ പ്രവര്‍ത്തിക്കേണ്ടിവരുന്നു. വിലക്ക് ഇരുരാജ്യങ്ങളുടെയും വിമാനങ്ങളെ മാത്രമാണ് ബാധിക്കുന്നത്. മറ്റ് രാജ്യങ്ങളുടെ വിമാനങ്ങള്‍ക്ക് ഈ വ്യോമപാതകള്‍ ഉപയോഗിക്കാന്‍ തടസ്സമില്ല.

Tags:    

Similar News