ആയുധങ്ങൾ ദൂരെയുള്ള ദ്വീപിൽ ഉപേക്ഷിക്കാൻ ശ്രീരാമൻ സൈനികർക്ക് നിർദേശം നൽകി; ആ അസ്‌ത്രാലയം ആണ് ഓസ്‌ട്രേലിയ ആയി മാറിയത്; വിചിത്ര അവകാശവാദവുമായി 'പൂക്കി ബാബ'
ഭോപ്പാൽ: ഓസ്ട്രേലിയ ശ്രീരാമന്റെ സൈനികർ യുദ്ധാനന്തരം ആയുധങ്ങൾ സൂക്ഷിച്ച 'അസ്‌ത്രാലയം' ആയിരുന്നെന്ന വിചിത്രമായ അവകാശവാദവുമായി 'പൂക്കി ബാബ' എന്നറിയപ്പെടുന്ന ആൾദൈവം അനിരുദ്ധാചാര്യ. രാമ-രാവണ യുദ്ധത്തെ ആസ്പദമാക്കി 'ഓസ്ട്രേലിയയുടെ യാഥാർത്ഥ്യം' എന്ന തലക്കെട്ടിൽ അനിരുദ്ധാചാര്യ പങ്കുവെച്ച വീഡിയോ വലിയ രീതിയിൽ പ്രചരിക്കുകയും വ്യാപകമായ പരിഹാസങ്ങൾക്ക് ഇടയാക്കുകയും ചെയ്തിട്ടുണ്ട്.
രാമ-രാവണ യുദ്ധം കഴിഞ്ഞപ്പോൾ രാവണന്റെ സൈനികരെ രാമസേന വധിക്കുകയും, തുടർന്ന് യുദ്ധക്കളത്തിൽ വാളുകളടക്കമുള്ള വലിയ അളവിൽ ആയുധങ്ങൾ അനാഥമായി ഉപേക്ഷിക്കപ്പെടുകയും ചെയ്തുവെന്ന് വീഡിയോയിൽ അനിരുദ്ധാചാര്യ പറയുന്നു. ഈ ആയുധങ്ങൾ സാധാരണക്കാരുടെ കൈകളിൽ എത്തുന്നത് ദുരുപയോഗത്തിന് കാരണമാകുമെന്നും, പ്രത്യേകിച്ച് രാവണന്റെയോ മേഘനാഥന്റെയോ വാളുകൾ തെറ്റായ കൈകളിൽ എത്തുന്നത് ശ്രീരാമനെ ഭയപ്പെടുത്തിയെന്നും ബാബ വിശദീകരിക്കുന്നു.
ഇതിനെത്തുടർന്ന്, ലങ്കയിൽ നിന്ന് വളരെ ദൂരെയുള്ള ഒരു ദ്വീപിൽ ഈ ആയുധങ്ങൾ ഉപേക്ഷിക്കാൻ ശ്രീരാമൻ തന്റെ സൈനികർക്ക് നിർദേശം നൽകി. ഈ ആയുധശേഖരം സൂക്ഷിക്കാൻ സൈനികർ കണ്ടെത്തിയ ദ്വീപിനെയാണ് അസ്‌ത്രാലയം എന്ന് വിളിച്ചിരുന്നത്. പിന്നീട് ഈ അസ്‌ത്രാലയം ഓസ്ട്രേലിയ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയെന്നാണ് പൂക്കി ബാബയുടെ അവകാശവാദം. അനിരുദ്ധാചാര്യയുടെ ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേരാണ് പരിഹാസരൂപേണയുള്ള കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.