കര്‍ണാടകത്തില്‍ തടവുപുള്ളി മൊബൈല്‍ഫോണ്‍ വിഴുങ്ങി; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

കര്‍ണാടകത്തില്‍ തടവുപുള്ളി മൊബൈല്‍ഫോണ്‍ വിഴുങ്ങി

Update: 2025-07-13 06:37 GMT

ശിവമോഗ: കര്‍ണാടകത്തില്‍ തടവുപുള്ളി മൊബൈല്‍ഫോണ്‍ വിഴുങ്ങി. ശിവമോഗ സെന്‍ട്രല്‍ ജയിലിലാണ് സംഭവം. കഞ്ചാവ് കടത്തുകേസില്‍ തടവില്‍ കഴിയുന്ന ദൗലത്ത് ആണ് മൊബൈല്‍ വിഴുങ്ങിയത്. കല്ല് വിഴുങ്ങിയതിനെ തുടര്‍ന്ന് വയറുവേദന അനുഭവപ്പെടുന്നതായാണ് യുവാവ് ജയില്‍ അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് ദൗലത്തിനെ മക്ഗണ്‍ ആശുപത്രിയിലേക്ക് മാറ്റി.

പരിശോധനയില്‍ ദൗലത്തിന്റെ വയറ്റില്‍ സംശയാസ്പദമായ വസ്തു കണ്ടെത്തി. തുടര്‍ന്ന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്ക് നിര്‍ദ്ദേശിച്ചു. പിന്നാലെ ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. എന്നാല്‍ കല്ല് പ്രതീക്ഷിച്ച ഡോക്ടര്‍മാര്‍ക്ക് ലഭിച്ചത് മൊബൈല്‍ഫോണാണ്. തടവ് പുള്ളിയുടെ വയറ്റില്‍ നിന്നും മൊബൈല്‍ഫോണ്‍ പുറത്തെടുത്തു. ഒരു ഇഞ്ച് വീതിയും മൂന്ന് ഇഞ്ച് നീളവുമുള്ള ഒരു മൊബൈല്‍ ഫോണ്‍ ആണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.

ജൂലൈ 8നാണ് സംഭവം. പുറത്തെടുത്ത മൊബൈല്‍ ഡോക്ടര്‍മാര്‍ ജയില്‍ അധികൃതര്‍ക്ക് കൈമാറി. അടുത്ത ദിവസം, ദൗലത്തിനെതിരെ ജയില്‍ ചീഫ് സൂപ്രണ്ട് പി രംഗനാഥ് തുംഗ നഗര്‍ പൊലീസില്‍ പരാതി നല്‍കി. നിരോധിത വസ്തു ജയിലിനുള്ളില്‍ കൊണ്ടുപോയി എന്ന കുറ്റം ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Tags:    

Similar News