ഇറച്ചി സ്റ്റാളുകൾ അടപ്പിക്കും; നോൺ വെജിറ്റേറിയൻ ഹോട്ടലുകൾക്കും നിയന്ത്രണം; എയ്റോ ഷോ നടക്കുന്ന 13 കിമീ ചുറ്റളവിൽ ഇതൊന്നും പാടില്ല; തീരുമാനം ഇക്കാരണത്താൽ!

Update: 2025-01-18 15:47 GMT

ബെംഗളൂരു: എയ്‌റോ ഇന്ത്യ ഷോ നടക്കുന്ന യെലഹങ്ക എയർഫോഴ്‌സ് സ്റ്റേഷന്‍റെ പതിമൂന്ന് കിലോമീറ്റർ പരിധിയിൽ സസ്യേതര വിഭവങ്ങൾ വിളമ്പുന്നതും വിൽക്കുന്നതും നിരോധിച്ചതായി ബൃഹത് ബെംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) അറിയിച്ചു. ജനുവരി 23 മുതൽ ഫെബ്രുവരി 17 വരെ ഇറച്ചി സ്റ്റാളുകൾ, നോൺ വെജിറ്റേറിയൻ ഹോട്ടലുകൾ, റെസ്റ്റോറന്‍റുകൾ എന്നിവയ്ക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

പൊതുസ്ഥലങ്ങളിൽ ചിതറിക്കിടക്കുന്ന നോൺ വെജ് ഭക്ഷണാവശിഷ്ടങ്ങൾ കഴുകനെ പോലുള്ള പക്ഷികളെ ആകർഷിക്കുമെന്നും ഇത് എയ്റോ ഷോയിൽ അപകടങ്ങൾക്ക് ഇടയാക്കിയേക്കാമെന്നും ബിബിഎംപി അധികൃതർ അറിയിച്ചു. ഉത്തരവ് ലംഘിച്ചാൽ ബിബിഎംപി ആക്റ്റ്-2020 പ്രകാരവും ഇന്ത്യൻ എയർക്രാഫ്റ്റ് റൂൾസ് 1937 ലെ 91-ാം ചട്ട പ്രകാരവും ശിക്ഷിക്കപ്പെടുമെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു.

അതേസമയം, എയ്‌റോ ഇന്ത്യയുടെ പതിനഞ്ചാമത് എഡിഷൻ ഫെബ്രുവരി 10 മുതൽ 14 വരെ യെലഹങ്കയിൽ നടക്കും. പ്രതിരോധ മന്ത്രിമാരുടെ കോൺക്ലേവ്, സിഇഒമാരുടെ റൗണ്ട് ടേബിൾ, എയ്‌റോസ്‌പേസ് കമ്പനികളുടെ മേള ഉൾപ്പെടുന്ന വലിയ എക്‌സിബിഷൻ എന്നിവയും എയ്‌റോ ഇന്ത്യയിലുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.

Similar News