മൺസൂണ്‍ കാലം തുടങ്ങി; തമിഴ്‌നാട്ടിലും, ബെംഗളൂരുവിലും ശക്തമായ മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; വെള്ളക്കെട്ട്; ട്രെയിൻ സർവീസുകൾ റദ്ദാക്കി; ജാഗ്രത മുന്നറിയിപ്പ് നൽകി അധികൃതർ

Update: 2024-10-16 05:35 GMT

ചെന്നൈ: ഇന്ത്യയുടെ തെക്കൻ തീരങ്ങളിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. വടക്കുകിഴക്കൻ മൺസൂണ്‍ കാലം തുടങ്ങിയതോടെ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ബെംഗളൂരുവിലും ശക്തമായ മഴ തുടരുകയാണ്. തമിഴ്നാട്ടിൽ ഇരുപതോളം ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചെന്നൈയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.

11 ജില്ലകളിലും പുതുച്ചേരിയിലും ഇന്ന് അവധി നൽകിയിട്ടുണ്ട്. ബെംഗളൂരുവിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. അതേസമയം, കേരളത്തിലും വിവിധ ജില്ലകളിലായി ഓറഞ്ച്, യെല്ലോ അലർട്ടുണ്ട്.

ചെന്നൈയിൽ പൊതു അവധിയായതിനാൽ മദ്രാസ് ഹൈക്കോടതിയും പ്രവർത്തിക്കില്ല. അവശ്യ സേവനങ്ങൾ ഒഴികെയുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. ഒക്‌ടോബർ 18 വരെ മഴ മുന്നറിയിപ്പുള്ള ജില്ലകളിലെ ഐടി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. തമിഴ്‌നാട്ടിൽ അടുത്ത മൂന്ന് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.

നഗരത്തിൽ പലയിടത്തും ഇപ്പോഴും വെള്ളക്കെട്ടുണ്ട്. ട്രാക്കിൽ വെള്ളം കയറിയതിനാൽ ചെന്നൈയിൽ നിന്നുള്ള 13 ട്രെയിനുകൾ പൂർണമായി റദ്ദാക്കിയിട്ടുണ്ട്. ചെന്നൈ വിമാനത്താവളത്തിൽ നിന്ന് പ്രത്യേക ബസ് സർവീസ് തുടങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

Tags:    

Similar News