'ഉമർ ഖാലിദിന് ജാമ്യമില്ല'; കൊലപാതകത്തിലും ബലാത്സംഗത്തിലും ശിക്ഷിക്കപ്പെട്ട ഗുർമീത് റാം റഹീം പുറത്തിറങ്ങിയത് 14 തവണ; ഇതാണ് രാജ്യത്തെ നീതിന്യായ വ്യവസ്ഥ; വിമർശനവുമായി രാജ്ദീപ് സർദേശായി

Update: 2026-01-05 13:14 GMT

ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ച സുപ്രീം കോടതി നടപടിയെ രൂക്ഷമായി വിമർശിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി. അഞ്ച് വർഷത്തിലേറെയായിട്ടും വിചാരണ നടപടികൾ പോലും ആരംഭിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് ജാമ്യം നിഷേധിച്ചത്. എന്നാൽ കൊലപാതകത്തിലും ബലാത്സംഗത്തിലും ശിക്ഷിക്കപ്പെട്ട ഗുർമീത് റാം റഹീമിന് 14 തവണ ജാമ്യം ലഭിച്ച സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സർദേശായിയുടെ വിമർശനം.

"ഉമർ ഖാലിദിന് ജാമ്യമില്ലെന്ന് സുപ്രീം കോടതി പറയുന്നു. അഞ്ച് വർഷത്തിലേറെയായിട്ടും വിചാരണ പോലും തുടങ്ങിയിട്ടില്ലെന്ന വസ്തുത നിലനിൽക്കെ യുഎപിഎ നിയമപ്രകാരം വ്യക്തിസ്വാതന്ത്ര്യം ലഭ്യമല്ലെന്നാണ് ഉത്തരവ് സൂചിപ്പിക്കുന്നത്. അതേസമയം, കൊലപാതകവും ബലാത്സംഗവും ചെയ്ത കുറ്റവാളി റാം റഹീമിന് വീണ്ടും പരോൾ അനുവദിച്ചിരിക്കുന്നു. 2017-ൽ ശിക്ഷിക്കപ്പെട്ടതിന് ശേഷം 14 തവണയാണ് ഈ വിഐപി കുറ്റവാളി ജയിലിൽ നിന്നും പുറത്തിറങ്ങിയത്. ഇതാണ് ഇന്ത്യയിലെ ക്രിമിനൽ നീതിന്യായ വ്യവസ്ഥ," രാജ്ദീപ് സർദേശായി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.

ഡൽഹി കലാപ ഗൂഢാലോചന കേസിൽ 2020 സെപ്റ്റംബർ മുതൽ ഉമർ ഖാലിദ് ജയിലിൽ കഴിയുകയാണ്. വിചാരണ വൈകുന്നത് ജാമ്യം ലഭിക്കുന്നതിനുള്ള കാരണമല്ലെന്ന് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, അഞ്ജാരിയ എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു. ഒരു വർഷത്തിന് ശേഷം ഖാലിദിന് ജാമ്യാപേക്ഷയുമായി വീണ്ടും കോടതിയെ സമീപിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.

ഇതേ കേസിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനുമാണ് സുപ്രീം കോടതി ജാമ്യം നിഷേധിച്ചത്. എന്നാൽ ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ശിഫാഉർറഹ്മാൻ, മുഹമ്മദ് സലീം ഖാൻ, ശദാബ് അഹ്മദ് എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. നേരത്തെ, 2023 ഡിസംബർ 11-ന് സഹോദരിയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിലെ കർക്കദൂമ കോടതി ഉമർ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നുമുള്ള കർശന ഉപാധികളോടെയായിരുന്നു അന്ന് ജാമ്യം അനുവദിച്ചത്.

Tags:    

Similar News