പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യോഗാ മത്സരത്തിൽ മെഡലും സ്ഥാനവും വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു; 'സൺഷൈൻ ദ യോഗ സോൺ' സ്ഥാപകനെതിരെ ഗുരുതര ആരോപണങ്ങൾ; യോഗാ ഗുരു പിടിയിൽ
ബംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ യോഗാ ഗുരു എം. നിരഞ്ജന മൂർത്തി പോലീസിന്റെ പിടിയിൽ. ബംഗളൂരു രാജരാജേശ്വരി നഗർ പോലീസ് ആണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. 'സൺഷൈൻ ദ യോഗ സോൺ' എന്ന യോഗാ പരിശീലന കേന്ദ്രത്തിന്റെ സ്ഥാപകനും ഡയറക്ടറുമാണ് നിരഞ്ജന മൂർത്തി. ഇയാൾക്കെതിരെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെയും നിരവധി സ്ത്രീകളെയും ലൈംഗികമായി പീഡിപ്പിച്ചതായും പരാതിയുണ്ട്.
കഴിഞ്ഞ ഓഗസ്റ്റ് 30-നാണ് 19 വയസ്സുള്ള യുവതി നിരഞ്ജന മൂർത്തിക്കെതിരെ പോലീസിൽ പരാതി നൽകിയത്. തന്റെ 17-ാം വയസ്സിൽ ലൈംഗിക ചൂഷണത്തിന് ഇരയായെന്നും, തുടർന്നും പലതവണ പീഡനത്തിനിരയായെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. 2023 ജനുവരി 1 മുതൽ 2025 ഓഗസ്റ്റ് 30 വരെയുള്ള കാലയളവിൽ ആർ.ആർ. നഗറിലെ സൺഷൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് കേസ്.
2019 മുതൽ നിരഞ്ജന മൂർത്തിയെ പരിചയമുണ്ടെന്നും, 17-ാം വയസ്സിൽ യോഗ മത്സരങ്ങളുടെ ഭാഗമായി തായ്ലൻഡിലേക്ക് പോയപ്പോഴാണ് ആദ്യമായി ലൈംഗികമായി പീഡിപ്പിച്ചതായും യുവതിയുടെ പരാതിയിൽ വ്യക്തമാക്കുന്നു. പിന്നീട് യോഗാ സെന്റർ വിട്ടെങ്കിലും, 2024-ൽ വീണ്ടും ഇൻസ്റ്റിറ്റ്യൂട്ടിൽ തിരിച്ചെത്തിയ ശേഷം പലതവണ പീഡനം തുടർന്നതായും പരാതിയുണ്ട്. 2025 ഓഗസ്റ്റിൽ ദേശീയ യോഗാ മത്സരത്തിൽ മെഡലും സ്ഥാനവും വാഗ്ദാനം ചെയ്ത് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായും ഓഗസ്റ്റ് 22-ന് വീണ്ടും അതിക്രമം നടന്നതായും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഓഗസ്റ്റ് 30-ന് രാത്രി പരാതി നൽകിയത്.