യുട്യൂബ് ചാനല്‍ വഴി വനിതാ പോലീസുകാര്‍ക്ക് അപകീര്‍ത്തി; ഗുണ്ടാ നിയമപ്രകാരം തമിഴ്നാട് പോലീസ് ജയിലില്‍ അടച്ച സവുക്ക് ശങ്കറിന് നാല് മാസത്തിന് ശേഷം ജാമ്യം
ഗുണ്ടാ നിയമപ്രകാരം തമിഴ്നാട് പോലീസ് ജയിലില്‍ അടച്ച സവുക്ക് ശങ്കറിന് നാല് മാസത്തിന് ശേഷം ജാമ്യം
തേനി: യൂട്യൂബ് ചാനലിലൂടെ വനിതാ പൊലീസുകാരെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് അറസ്റ്റിലാവുകയും പിന്നീട് ഗുണ്ടാ നിയമപ്രകാരം തടവിലാക്കപ്പെടുകയും ചെയ്ത തമിഴ്നാട്ടിലെ പ്രമുഖ യൂട്യൂബ് ചാനലായ 'സവുക്ക് ഉടമ ശങ്കറിന് നാല് മാസത്തിന് ശേഷം ജയില്‍ മോചനം. സുപ്രീം കോടതി ഇടപെടലുകളെ തുടര്‍ന്നാണ് മോചനം സാധ്യമായത്.
സാവുക്ക് ശങ്കറിനെതിരെ ചുമത്തിയ ഗുണ്ടാ നിയമം പൊലീസ് പിന്‍വലിച്ചതായി തമിഴ്നാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഇയാളെ ഉടന്‍ വിട്ടയക്കണമെന്ന് ഉത്തരവിട്ടത്.
സ്ഥാനക്കയറ്റം ലഭിക്കുന്നതിന് വേണ്ടി ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ലൈംഗിക താല്പര്യങ്ങള്‍ക്ക് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ വഴങ്ങന്നുവെന്ന ആരോപണം ഉന്നയിച്ചതിന് പിന്നാലെ ശങ്കറിനെ മെയ് 4 ന് പുലര്‍ച്ചെ തേനിയില്‍ നിന്ന് കോയമ്പത്തൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പതിനേഴു വ്യത്യസ്ത കേസുകളും ശങ്കറിനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതികളിലാണ് കൂടുതലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തേനി, ട്രിച്ചി, സേലം, കോയമ്പത്തൂര്‍, ചെന്നൈ എന്നീ ജില്ലകളിലാണ് കേസുകള്‍. പരാതിക്കാരില്‍ പൊലീസുകാര്‍ക്ക് പുറമെ പത്രപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും ഉള്‍പ്പെടുന്നു.