ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷം പേരുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണം; പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരസ്യമാക്കണം; ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡിയിലെ ഇ പി ഐ സി നമ്പറും തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കാം; നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി
ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷം പേരുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണം
ന്യൂഡല്‍ഹി: ബിഹാറിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനിടെ ഒഴിവാക്കപ്പെട്ട 65 ലക്ഷം പേരുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഇവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണങ്ങളും പരസ്യമാക്കണം. ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡിയിലെ ഇ പി ഐ സി നമ്പറും തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജോയ്മാല ബാഗ്ചി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്.
വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട വ്യക്തികളുടെ വിവരങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന വിധി.
' വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ 65 ലക്ഷം പേരില്‍ 22 ലക്ഷം പേര്‍ മരിച്ചുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത്. 22 ലക്ഷം പേര്‍ മരിച്ചെങ്കില്‍ അത് എന്തുകൊണ്ട് ബൂത്ത് ലെവലില്‍ പരസ്യപ്പെടുത്തുന്നില്ല? രാഷ്ട്രീയ പാര്‍ട്ടികളെ ആശ്രയിക്കുന്ന തരത്തിലാവരുത് പൗരന്മാരുടെ അവകാശം ' -ജസ്റ്റിസ് സൂര്യ കാന്ത് പറഞ്ഞു. ഒഴിവാക്കിയ 65 ലക്ഷം പേരുടെ വിവരങ്ങള്‍ ജില്ലാ തല വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കണമെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു.
ആധാറിനെ വോട്ടര്‍ പട്ടികയിലെ വിവരങ്ങളുമായി സമന്വയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഇതിനകം തന്നെ നിലവിലുണ്ട്. വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി നിരവധി നടപടികള്‍ സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.
ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഇതുവരെ 65 ലക്ഷം പേരുടെ വിവരങ്ങള്‍ ഇതിനോടകം പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.