'50 ലക്ഷം നൽകണം ഇല്ലെങ്കിൽ നിങ്ങളുടെ ജീവൻ അപകടത്തിലാകും'; സൽമാൻ ഖാന് പിന്നാലെ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനും ഭീഷണി; പോലീസ് അന്വേഷണം തുടങ്ങി

Update: 2024-11-07 09:36 GMT

മുംബൈ: ബോളിവുഡിലെ കിങ് എന്നറിയപ്പെടുന്ന ഷാരൂഖ് ഖാനും ഭീഷണി സന്ദേശം ലഭിച്ചതായി റിപ്പോർട്ടുകൾ. ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന് പിന്നാലെയാണ് ഇപ്പോൾ ഷാരൂഖ് ഖാനും ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്.

സൽമാൻ ഖാന് ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ നിരന്തരമായി ഭീഷണി കോൾ ലഭിക്കുകയാണ്. അതിനുശേഷമാണ് ഇപ്പോഴിതാ ഷാരൂഖ് ഖാനും ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. ഭീഷണിയെ തുടർന്ന് പോലീസ് അജ്ഞാതർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

ഫൈസാൻ ഖാൻ എന്നയാളുടെ ഫോൺ ഉപയോഗിച്ചാണ് ഭീഷണിപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മോചനദ്രവ്യമായി പണം നൽകിയില്ലെങ്കിൽ ഷാരൂഖ് ഖാനെ അപായപ്പെടുത്തുമെന്ന് വിളിച്ചയാൾ ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. മോചനദ്രവ്യമായി 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഷാരുഖ് ഖാനെ ഉപദ്രവിക്കുമെന്ന് വിളിച്ചയാള്‍ ഭീഷണിപ്പെടുത്തിയതായാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്.

കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നതിൽ പങ്കുണ്ടെന്ന് ആരോപിച്ച് സൽമാനെ ലക്ഷ്യമിട്ട് ഭീഷണിപ്പെടുത്തിയ സംഘം മോചനദ്രവ്യമായി അഞ്ച് കോടി രൂപയായിരുന്നു ആവശ്യപ്പെട്ടത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ മൂന്നു തവണയാണ് സൽമാൻ ഖാന് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.

Tags:    

Similar News