ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും എട്ട് വയസുകാരി താഴെ വീണു; കാല്‍നടയായി രാത്രി തിരച്ചില്‍ നടത്തിയത് 16 കിലോമീറ്റര്‍; പോലീസിനും ആർപിഎഫ് ഉദ്യോഗസ്ഥർക്കും കൈയടിച്ച് സമൂഹമാധ്യമം

Update: 2024-10-16 08:26 GMT

ഉത്തർപ്രദേശ്: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും താഴെവീണ പെൺകുട്ടിയെ തിരഞ്ഞ് പോലീസും ആർപിഎഫ് ഉദ്യോഗസ്ഥരും കാൽനടയായി അന്വേഷിച്ചിറങ്ങിയത് 16 കിലോമീറ്റർ. രാത്രിയില്‍ ഓടുന്ന ട്രെയിനിന്‍റെ എമർജൻസി വിൻഡോയിലൂടെ എട്ട് വയസുകാരി താഴെ വീഴുകയായിരുന്നു. വീഴ്ചയിൽ ശരീരത്തിനേറ്റ ചെറിയ പരിക്കുകൾ ഒഴിച്ചാൽ കുട്ടി സുരക്ഷിതയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുട്ടി ലളിത്പൂരിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സതേടി. കുട്ടിയെ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.

മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യവേ ട്രെയിനിന്‍റെ എമർജൻസി വിൻഡോയിലൂടെയാണ് കുട്ടി പുറത്തേക്ക് തെറിച്ച് വീണത്. അപകടം നടന്ന ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. വിവരം ലഭിച്ചയുടൻ സമയം പാഴാക്കാതെ പോലീസും ആർപിഎഫ് ഉദ്യോഗസ്ഥരും സംയുകതമായി നടത്തിയ പ്രവർത്തനമാണ് കുട്ടിയെ കണ്ടെത്താൻ സഹായകരമായത്.

കുട്ടിയെ കണ്ടെത്തിയ ഉടൻ തന്നെ ഒരു ചരക്ക് തീവണ്ടി നിർത്തി, കുട്ടിയെ അതിൽ കയറ്റി അതിവേഗം ലളിത്പൂരിലെത്തിച്ച് ചികിത്സ ഉറപ്പാക്കിയിരുന്നു.ഉത്തർപ്രദേശ് പോലീസാണ് തങ്ങളുടെ സമൂഹ മാധ്യമത്തിലൂടെ രക്ഷാപ്രവർത്തന വീഡിയോ പങ്കുവച്ചത്. വീഡിയോയിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കുട്ടിയെ എടുത്തു കൊണ്ട് നിൽക്കുന്ന ദൃശ്യങ്ങൾ കാണാം.

എട്ടുവയസ്സുകാരിയുടെ ജീവൻ രക്ഷിക്കാനായി പരിശ്രമിച്ച ആർപിഎഫ് ഉദ്യോഗസ്ഥരെയും, റെയിൽവേ ഉദ്യോഗസ്ഥരെയും ജിആർപി ജാൻസി അഭിനന്ദിച്ചു. കൂടാതെ രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്ന മുഴുവൻ ഉദ്യോഗസ്ഥരുടെയും അർപ്പണബോധത്തെയും അഭിനന്ദിച്ചു. ഒപ്പം കുട്ടിയുടെ മാതാപിതാക്കളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ മുഴുവൻ ഉദ്യോഗസ്ഥർക്കും നന്ദി അറിയിച്ചു.

Tags:    

Similar News