ജമ്മു കാശ്മീരില്‍ സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടല്‍; വെടിവെപ്പില്‍ ഗുരുതരമായ പരിക്കേറ്റ ജവാന് വീര്യമൃത്യു; ഏറ്റുമുട്ടല്‍ തുടരുന്നു

Update: 2025-01-20 13:39 GMT

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. ബാരാമുള്ള ജില്ലയിലെ സലൂറ, സോപോര്‍ മേഖലകളിലാണ് വെടിവയ്പുണ്ടായത്. വനമേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ ജവാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ജമ്മുവിലെ ഈ വര്‍ഷം ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റുമുട്ടലാണിത്.

തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം സോപോറിലെ സലൂറ ഏരിയയിലെ ഗുജര്‍പട്ടില്‍ പൊലീസും സിആര്‍പിഎഫും സൈന്യവും സംയുക്തമായി തിരച്ചില്‍ നടത്തിയിരുന്നു. തെരച്ചിലിനിടെ സുരക്ഷാസേന ഭീകരരുടെ ഒളിത്താവളം തകര്‍ത്തു. ഇതിനിടെ ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യവും ശക്തമായി തിരിച്ചടിച്ചു. രാഷ്ട്രീയ റൈഫിള്‍സ്, സി.ആര്‍.പി.എഫ്, ജമ്മു-കശ്മീര്‍ പോലീസ് എന്നിവരടങ്ങുന്ന സംഘമാണ് തിരച്ചില്‍ നടത്തിയത്.

സംഭവത്തിനുശേഷം പ്രദേശത്ത് ഇന്ന് പുലര്‍ച്ചെ വീണ്ടും വെടിവയ്പ്പ് ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒളിച്ചിരിക്കുന്ന തീവ്രവാദികളുടെ നീക്കം നിരീക്ഷിക്കാന്‍ സുരക്ഷാ സേന ഡ്രോണുകള്‍ വ്യോമ നിരീക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്. ഭീകരരെ കണ്ടെത്താന്‍ കൂടുതല്‍ സേനയെ സ്ഥലത്ത് വിന്യസിച്ചു.

Similar News