വിവാഹം പരാജയപ്പെടുന്നത് ജീവിതത്തിന്റെ അവസാനമല്ല; മുന്നോട്ട് പോകണം; വിവാഹ മോചനം അനുവദിച്ചു കൊണ്ട് ദമ്പതികളോട് സുപ്രീംകോടതി

വിവാഹം പരാജയപ്പെടുന്നത് ജീവിതത്തിന്റെ അവസാനമല്ല

Update: 2025-02-21 10:54 GMT

ന്യൂഡല്‍ഹി: വിവാഹം പരാജയപ്പെടുന്നത് ജീവിതത്തിന്റെ അവസാനമല്ലെന്ന നിരീക്ഷണവുമായി സുപ്രീംകോടതി. ദമ്പതികളുടെ വിവാഹമോചന ഹരജി പരിഗണിക്കുന്നതിന് ഇടെയാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം പുറത്തുവന്നത്. ദമ്പതികള്‍ക്ക് വിവാഹമോചനം അനുവദിച്ചാണ് ജസ്റ്റിസ് അഭയ് ഓഖ ഉത്തരവിട്ടത്. ഇതിനൊപ്പം 2020 മെയ് മുതല്‍ ഇരുവരും പരസ്പരം നല്‍കിയ 17 ഹരജികളും കോടതി തീര്‍പ്പാക്കി.

രണ്ട് പേരും ചെറുപ്പക്കാരാണ്. ഭാവിയെ കുറിച്ച് ചിന്തിക്കണം. വിവാഹം പരാജയപ്പെടുന്നത് ജീവിതത്തിന്റെ അവസാനമല്ല. പുതിയൊരു ജീവിതം തുടങ്ങാന്‍ ഇരുവരും ശ്രമിക്കണം. സമാധാനത്തോടെ പുതിയൊരു ജീവിതം തുടങ്ങാന്‍ ഇരുവരും ശ്രമിക്കണമെന്നും കോടതി വ്യക്തമാക്കി.

ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും തുടര്‍ച്ചയായി ഉപദ്രവിക്കുന്നുണ്ടെന്ന് ആരോപിച്ച് വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ഭാര്യക്ക് വീടുവിട്ടിറങ്ങേണ്ടി വന്ന നിര്‍ഭാഗ്യകരമായ കേസുകളില്‍ ഒന്നാണിതെന്ന് കോടതി വിശേഷിപ്പിച്ചു. ഇരുവരും തമ്മിലുള്ള കേസുകളില്‍ വാദിക്കുന്നത് വ്യര്‍ത്ഥമാകുമെന്ന് കോടതി ഇവര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകരെ ഉപദേശിച്ചു.

തുടര്‍ന്ന് ഇരുവരുടേയും അഭിഭാഷകര്‍ ദമ്പതികള്‍ക്ക് വിവാഹമോചനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ഭരണഘടനയുടെ ആര്‍ട്ടിക്കള്‍ 142 പ്രകാരം വിവാഹമോചനം അനുവദിക്കണമെന്നാണ് അഭിഭാഷകര്‍ ആവശ്യപ്പെട്ടത്. 2020ല്‍ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസത്തിന് ശേഷം പെണ്‍കുട്ടി ഭര്‍തൃവീട്ടില്‍ നിന്നും സ്വന്തം വീട്ടില്‍ വന്ന് താമസിക്കുകയായിരുന്നു.

Tags:    

Similar News