വാദമൊക്കെ പിന്നീട് കേൾക്കാം..; ഡി. ശിൽപ ഐപിഎസിനെ കര്‍ണാടക കേഡറിലേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവ്; സുപ്രീം കോടതിയുടെ സ്റ്റേ
ഡൽഹി: കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി. ശിൽപയെ കർണാടക കേഡറിലേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ. കേന്ദ്ര സർക്കാർ നൽകിയ അപ്പീലിലാണ് കോടതിയുടെ ഈ നടപടി. ഡി. ശിൽപ അടക്കമുള്ള എതിർകക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസിൽ പിന്നീട് വിശദമായ വാദം കേൾക്കും.
കർണാടക സ്വദേശിനിയായ ഡി. ശിൽപയെ കേരള കേഡറിൽ ഉൾപ്പെടുത്തിയത് തെറ്റാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ മെയ് മാസത്തിൽ കേഡർ മാറ്റത്തിന് ഉത്തരവിട്ടത്. കേഡർ നിർണയത്തിൽ പിഴവുണ്ടായി എന്ന ഹർജിക്കാരിയുടെ വാദം കോടതി അംഗീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് മാസത്തിനുള്ളിൽ കർണാടക കേഡറിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
എന്നാൽ, ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിക്കുകയായിരുന്നു. നിലവിൽ കേഡർ മാറ്റം പ്രായോഗികമല്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. 2015-ൽ കേഡർ നിർണയിച്ചപ്പോൾ സംഭവിച്ച പിഴവാണ് തന്നെ കർണാടക കേഡറിൽ ഉൾപ്പെടുത്താതിരുന്നതിന് കാരണമെന്ന് ഡി. ശിൽപ വാദിച്ചിരുന്നു. കേന്ദ്രഡ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ നിന്ന് അനുകൂല വിധി ലഭിക്കാതെ വന്നതോടെയാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്.