പരിപാടിയില്‍ മാന്യതയും ധാര്‍മ്മികതയും പാലിക്കണമെന്ന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്; രണ്‍വീര്‍ അല്ലാബാഡിയക്ക് യൂട്യൂബ് ഷോകള്‍ പുനരാരംഭിക്കാന്‍ അനുമതി; യൂട്യൂബ് ചാനലുകളിലേതടക്കം സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം
ന്യൂഡല്‍ഹി: അശ്ലീല പരാമര്‍ശത്തെ തുടര്‍ന്ന് വിവാദത്തിലായ യൂട്യൂബര്‍ രണ്‍വീര്‍ അല്ലാബാഡിയക്ക് യൂട്യൂബ് ഷോകള്‍ പുനരാരംഭിക്കാന്‍ അനുമതി നല്‍കി സുപ്രീംകോടതി. പരിപാടിയില്‍ മാന്യതയും ധാര്‍മ്മികതയും പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയ കോടതി, യൂട്യൂബറുടെ പോഡ്കാസ്റ്റ് റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷ തള്ളി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എന്‍. കോടീശ്വര്‍ സിങ് എന്നിവരുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചാണ് അലഹബാദിയയുടെ ഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം, യൂട്യൂബ് ചാനലുകളിലേതടക്കം സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി. മൗലികാവകാശങ്ങളെ ബാധിക്കാത്ത രീതിയില്‍ ഫലപ്രദമായ നടപടിയുണ്ടാകണം. രണ്‍ബീര്‍ അലബാദിയ കേസിലാണ് കോടതിയുടെ നിര്‍ദ്ദേശം. അല്ലാബാഡിയയുടെ ഷോ മാന്യതയ്ക്കും ധാര്‍മ്മികതയ്ക്കും നിരക്കുന്നതായിരിക്കണമെന്ന് പറഞ്ഞ കോടതി എല്ലാ പ്രായക്കാര്‍ക്കും കാണാന്‍ കഴിയുന്നതാകണമെന്നും നിര്‍ദേശിച്ചു.
തന്റെ ഏക ഉപജീവനമാര്‍ഗമാണെന്ന് ചൂണ്ടിക്കാട്ടി രണ്‍വീര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഷോ തുടരാന്‍ അനുമതി നല്‍കിയത്. തന്റെ കീഴില്‍ തന്റെ ഏക ഉപജീവനമാര്‍ഗമാണ് പോഡ്കാസ്റ്റ് ഷോയെന്നും 280-ഓളം ജീവനക്കാര്‍ ഈ ഷോയെ ആശ്രയിക്കുന്നുണ്ടെന്നും സബ്മിഷനില്‍ രണ്‍വീര്‍ ചൂണ്ടിക്കാണിച്ചിരുന്നു.
മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ രണ്‍വീറിന് അറസ്റ്റില്‍നിന്ന് ഇടക്കാല സംരക്ഷണവും കോടതി നല്‍കിയിട്ടുണ്ട്. ഗുവാഹത്തിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസിന്റെ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ത്യാസ് ഗോട്ട് ലേറ്റന്റ് ഷോയിലെ വിവാദപരാമര്‍ശത്തിന് പിന്നാലെ വിവിധയിടങ്ങളില്‍ രണ്‍വീറിനെതിരേ എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
അതേസമയം വിദേശയാത്രയ്ക്ക് അനുമതി തേടിയ അല്ലാബാഡിയയുടെ അപേക്ഷ കോടതി നിരസിച്ചു. യൂട്യൂബ് ഷോ ആയ 'ഇന്ത്യാസ് ഗോട്ട് ടാലന്റില്‍' രണ്‍വീര്‍ അല്ലാബാഡിയ നടത്തിയ അശ്ലീല പരാമര്‍ശമാണ് വിവാദമായത്. ഷോയ്ക്കിടെ ഒരു മത്സരാര്‍ഥിയോട് മാതാപിതാക്കളുടെ ലൈംഗിക ബന്ധത്തെ പരാമര്‍ശിച്ചുള്ള ചോദ്യം രണ്‍വീര്‍ ചോദിച്ചിരുന്നു. പിന്നാലെ തന്നെ സോഷ്യല്‍മീഡിയയില്‍ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുകയും രണ്‍വീറിനെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.