ക്ലാസ്സിൽ അച്ചടക്ക ലംഘനം കാണിച്ചെന്ന പേരിൽ അധ്യാപികയുടെ ക്രൂരത; ബാഗ് കൊണ്ടുള്ള അടിയേറ്റ് ആറാം ക്ലാസുകാരിയുടെ തലയോട്ടിക്ക് പൊട്ടൽ; വ്യാപക പ്രതിഷേധം
അമരാവതി: ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ, സ്കൂളിൽ വച്ച് വിദ്യാർത്ഥിനിയെ ഹിന്ദി അധ്യാപിക ബാഗ് കൊണ്ട് തലയ്ക്കടിച്ചതായി പരാതി. അടിയിൽ കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലുണ്ടായതായാണ് ആരോപണം. സെപ്റ്റംബർ 10നാണ് സംഭവം. പുങ്കനൂരിലെ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയ്ക്കാണ് പരിക്കേറ്റത്.
ക്ലാസ്സിൽ അച്ചടക്ക ലംഘനം കാണിച്ചതിനെ തുടർന്നുള്ള ദേഷ്യത്തിലാണ് ഹിന്ദി അധ്യാപിക സലീമ ബാഷ വിദ്യാർത്ഥിനിയെ തലയ്ക്കടിച്ചത്. അടിയേറ്റ ബാഗിൽ സ്റ്റീൽ കൊണ്ട് നിർമ്മിച്ച ഊട്ടുപാത്രം ഉണ്ടായിരുന്നതായി കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. ആദ്യഘട്ടത്തിൽ കാര്യമായ പരിക്കില്ലെന്ന് കരുതിയെങ്കിലും, പിന്നീട് തലവേദനയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തുടർന്ന് കുട്ടിയുടെ ആരോഗ്യനില വഷളായതോടെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ നടത്തിയ സി.ടി. സ്കാൻ പരിശോധനയിലാണ് തലയോട്ടിയിൽ പൊട്ടലുണ്ടെന്ന് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് രക്ഷിതാക്കൾ അധ്യാപികയ്ക്കും സ്കൂൾ പ്രിൻസിപ്പലിനുമെതിരെ പുങ്കനൂർ പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവം വ്യാപകമായ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.